പത്തനംതിട്ട: മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ച് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്. വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെ പറഞ്ഞിരുന്നു. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിൽ യുഡിഎഫ് യോഗം കൂടിയത് ഒരു തവണയാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
യുഡിഎഫിൽ പ്രശ്നങ്ങളില്ല. പറഞ്ഞത് യാഥാർത്ഥ്യമാണ്. പ്രതികരണം നടത്തിയത് ആരുടെയും പിന്തുണക്ക് വേണ്ടിയല്ല. പരാതി നേരിട്ട് എഐസിസിയെ അറിയിക്കും. ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ല. എം കെ മുനീറായാലും ജി ദേവരാജനായാലും മികച്ച നേതാക്കൾ ആണ്. ചില കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങൾ എനിക്ക് പ്രതികരിക്കാനാവില്ല. താൻ പറഞ്ഞ കാര്യങ്ങൾ ആരും തള്ളിക്കോട്ടെ. വിമർശന ചേരിയിൽ ഞാനൊറ്റക്കാണ്. മുഖ്യമന്ത്രിയുമായി ഒരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സമീപനം നിങ്ങൾ കാണുന്നുണ്ടല്ലോ എന്ന് ചോദിച്ച അടൂർ പ്രകാശ് അക്കാര്യം വിലയിരുത്താനും പറഞ്ഞു.

