Sunday, September 27, 2026
HomeAmericaഇറാന്റെ അന്താരാഷ്ട്ര ധനകാര്യ ബന്ധങ്ങൾ തടഞ്ഞു: യുഎസിന്റെ സാമ്പത്തിക സമ്മർദം ഫലം കാണാൻ തുടങ്ങിയതായി യുഎസ്...

ഇറാന്റെ അന്താരാഷ്ട്ര ധനകാര്യ ബന്ധങ്ങൾ തടഞ്ഞു: യുഎസിന്റെ സാമ്പത്തിക സമ്മർദം ഫലം കാണാൻ തുടങ്ങിയതായി യുഎസ് ട്രഷറി സെക്രട്ടറി

ഇറാനെതിരായ യുഎസിന്റെ സാമ്പത്തിക സമ്മർദം ഫലം കാണാൻ തുടങ്ങിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. തുർക്കിയ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇറാനുമായുള്ള സാമ്പത്തിക, വ്യോമയാന ഇടപാടുകളിൽ നിയന്ത്രണം കടുപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാന്റെ അന്താരാഷ്ട്ര ധനകാര്യ ബന്ധങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 24ന് യുഎസ് ട്രഷറി ആരംഭിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്’ ആണ് നടപടികളുടെ ഭാഗമായി നടപ്പാക്കുന്നത്. ഇറാന്റെ എണ്ണക്കടത്ത്, ഉപരോധം മറികടക്കൽ, ഇറാനുമായും ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സുമായും (IRGC) ബന്ധപ്പെട്ട പണമിടപാടുകൾ എന്നിവയ്ക്ക് സഹായം നൽകുന്ന ശൃംഖലകളെയാണ് യുഎസ് ലക്ഷ്യമിടുന്നത്.

ഇറാനുമായുള്ള ഇടപാടുകൾ നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകളിൽ സമ്മർദം ചെലുത്താൻ ട്രഷറി ഉദ്യോഗസ്ഥരെ അയച്ചതായും ബെസന്റ് പറഞ്ഞു. തുർക്കിയയും ഒമാനും മഹാൻ എയറിന്റെ വിമാന സർവീസുകൾ നിർത്തിയെന്നും യുഎഇ ഇറാനിയൻ എയർലൈനുകളുടെ എല്ലാ സർവീസുകളും നിർത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുഎഇയിലെയും തുർക്കിയയിലെയും പ്രമുഖ വാണിജ്യ ബാങ്കുകൾ ഇറാനുമായുള്ള ഇടപാടുകളും നിർത്തിയതായി ബെസന്റ് വ്യക്തമാക്കി. ഇറാന്റെ വ്യോമയാന മേഖലയ്ക്കെതിരെയും യുഎസ് നടപടി ശക്തമാക്കി. സെപ്റ്റംബർ 8ന് ഇറാന്റെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട 36 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി.

ഇറാനിയൻ എയർലൈനുകൾക്ക് വിമാനങ്ങളും ഉപകരണങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കാൻ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വിദേശ കമ്പനികളും ഇടനിലക്കാരും ഇതിൽ ഉൾപ്പെടുന്നു. ഇറാനുമായി ബന്ധപ്പെട്ട ഇടപാടുകൾ തുടരുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങൾ യുഎസ് ഉപരോധത്തിന് വിധേയമാകാമെന്നും വാഷിങ്ടൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഗസ്റ്റിൽ ബാൻക് മിസർ യുഎഇയുടെ യുഎസ് ധനകാര്യ സംവിധാനത്തിലേക്കുള്ള കറസ്പോണ്ടന്റ് ബാങ്കിങ് പ്രവേശനത്തിനെതിരെയും ട്രഷറി നടപടി സ്വീകരിച്ചിരുന്നു. ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഫെലോയും സാമ്പത്തിക വിദഗ്ധനുമായ റോബിൻ ബ്രൂക്സിന്റെ വിലയിരുത്തലും ബെസന്റ് പങ്കുവച്ചു.

സാമ്പത്തിക സമ്മർദവും ഹോർമുസ് കടലിടുക്കിലെ വ്യാപാര തടസ്സങ്ങളും ശക്തമായതോടെ ഇറാന്റെ സാമ്പത്തിക സ്ഥിതി അതിവേഗം മോശമാകുകയാണെന്നും ചർച്ചകളിൽ രാജ്യത്തിന്റെ നിലപാട് ദുർബലമായെന്നും ബ്രൂക്സ് അഭിപ്രായപ്പെട്ടു. അതേസമയം, ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള സംഘർഷം തുടരുന്നതിനാൽ മേഖലയിൽ വ്യാപാരവും കപ്പൽ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. കപ്പൽ ഗതാഗതം കുറഞ്ഞതോടെ ഗൾഫ് മേഖലയിലെ ഷിപ്പിങ്, ഇൻഷുറൻസ് ചെലവുകളും ഉയർന്നു.ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ മുന്നോട്ടുവന്നെങ്കിലും യുഎസ് അത് തള്ളിയതോടെ നയതന്ത്ര നീക്കങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്. സൈനിക സമ്മർദത്തിനൊപ്പം ഉപരോധങ്ങളും മറ്റ് രാജ്യങ്ങളിലൂടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങളും ശക്തമാക്കി ഇറാനെ അന്താരാഷ്ട്ര ധനകാര്യ, വ്യോമയാന, വ്യാപാര മേഖലകളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടുത്താനാണ് യുഎസ് നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments