Sunday, September 27, 2026
HomeUncategorizedസാമ്പത്തിക, വ്യാപാര ചർച്ചകൾക്ക് പരിഹാരമായി ഷി ജിൻപിങ്ങ്- ട്രംപ് കൂടിക്കാഴ്ച

സാമ്പത്തിക, വ്യാപാര ചർച്ചകൾക്ക് പരിഹാരമായി ഷി ജിൻപിങ്ങ്- ട്രംപ് കൂടിക്കാഴ്ച

30 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങളുടെ തീരുവ സംബന്ധിച്ച് യുഎസും ചൈനയും ധാരണയിലെത്തി. ഭാവിയിലെ സാമ്പത്തിക, വ്യാപാര ചർച്ചകൾക്കായി ഇരു രാജ്യങ്ങളും ചേർന്ന് വ്യാപാര കൗൺസിൽ രൂപീകരിക്കാനും തീരുമാനിച്ചു. കാർഷിക ഉൽപ്പന്നങ്ങൾ, തടി, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയ യുഎസ് ഉൽപ്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയും ധാരണയിൽ ഉൾപ്പെടും. ചെറിയ ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അനുകൂലമായ തീരുവ വ്യവസ്ഥ ലഭിക്കും. വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനിടയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് പുതിയ ധാരണ. 2015ന് ശേഷം ഷിയുടെ ആദ്യ വാഷിങ്ടൺ സന്ദർശനമായിരുന്നു ഇത്. ക്വാലാലംപൂരിൽ നേരത്തെ നടന്ന ചർച്ചകളിലെ ധാരണകൾ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക, വ്യാപാര ചർച്ചകൾ തുടരാനും വ്യാപാര കൗൺസിൽ രൂപീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള വ്യാപാര വെടിനിർത്തൽ രണ്ട് മാസത്തേക്ക് കൂടി നീട്ടാനും യുഎസും ചൈനയും നേരത്തെ ധാരണയിലെത്തിയിരുന്നു.

കൂടുതൽ വിപുലമായ വ്യാപാര കരാറിനായി ചർച്ചകൾ തുടരാൻ ഇതിലൂടെ സമയം ലഭിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപും ഷിയും മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തി. തുടർന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും പങ്കെടുത്ത ഔദ്യോഗിക അത്താഴവിരുന്നിലും ഇരുവരും പങ്കെടുത്തു. ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു.

യുഎസ്–ചൈന ബന്ധത്തിൽ സ്ഥിരതയും സഹകരണവും പ്രധാനമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ‘വിജയ-വിജയ സഹകരണം’ വേണമെന്നും മത്സരം ഉചിതമായ പരിധിയിൽ നിലനിർത്തണമെന്നും ഷി ആവശ്യപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചാ സംവിധാനവും ഇരു രാജ്യങ്ങളും രൂപീകരിക്കും. എഐയുടെ സാധ്യതകളും വികസനവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ചർച്ചകളിൽ ഉൾപ്പെടും. നവംബറിൽ അടുത്ത ഘട്ട എഐ ചർച്ചകൾ നടത്താനാണ് തീരുമാനം. എഐയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനവും രൂപീകരിക്കും.

വ്യാപാരത്തിനും എഐയ്ക്കും പുറമെ APEC, G20 തുടങ്ങിയ പ്രധാന അന്താരാഷ്ട്ര ഉച്ചകോടികൾ സംഘടിപ്പിക്കുന്നതിലും സഹകരിക്കാൻ യുഎസും ചൈനയും ധാരണയായി. പരസ്പരം ആതിഥേയത്വം വഹിക്കുന്ന യോഗങ്ങളിൽ ട്രംപും ഷിയും പങ്കെടുക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു. അന്താരാഷ്ട്ര ജലപാതകളിലൂടെ ഗതാഗതത്തിന് വ്യക്തിഗത രാജ്യങ്ങളോ സ്ഥാപനങ്ങളോ ട്രാൻസിറ്റ് ടോൾ ഈടാക്കരുതെന്നും ധാരണയായി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള ദീർഘകാല വ്യാപാര തർക്കത്തിന്റെ ഭാഗമായാണ് തീരുവ പ്രശ്നം ഉയർന്നത്. ചൈനയുമായുള്ള വ്യാപാരക്കമ്മി, ചൈനയുടെ വ്യാപാര രീതികൾ, ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് യുഎസ് 2018 മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് വിവിധ ഘട്ടങ്ങളിലായി തീരുവ ഏർപ്പെടുത്തിയത്.

ഇതിന് മറുപടിയായി ചൈനയും യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തി. തുടർന്ന് ഇരു രാജ്യങ്ങളും പലതവണ തീരുവ വർധിപ്പിക്കുകയും പരസ്പരം തിരിച്ചടി നൽകുകയും ചെയ്തു. അപൂർവ ഭൂമിമൂലകങ്ങളുടെ കയറ്റുമതി നിയന്ത്രണം ഉൾപ്പെടെയുള്ള തീരുവേതര നടപടികളും ചൈന സ്വീകരിച്ചു. 2025ലും വ്യാപാര സംഘർഷം രൂക്ഷമായി. യുഎസ് ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ ഉയർത്തിയതിന് പിന്നാലെ ചൈനയും അമേരിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ വർധിപ്പിച്ചു. വാഷിങ്ടൺ തീരുവ വർധിപ്പിക്കുന്നത് തുടർന്നാൽ തിരിച്ചടി നൽകുമെന്നും ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments