വാഷിങ്ടൻ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ‘ചാരനെ’ കണ്ടെത്താൻ അമ്പതോളം ഉന്നത സൈനികോദ്യോഗസ്ഥരെ യുഎസ് നുണ പരിശോധനയ്ക്ക് വിധേയരാക്കി. യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം യുഎസിന്റെ ആയുധ ശേഖരത്തിൽ വൻ കുറവ് വന്നതുൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
ഉന്നത സൈനിക ഉദ്യോഗസ്ഥരെയും യുഎസ് മിലിട്ടറിയുടെ ജോയിന്റ് സ്റ്റാഫിലെ ജീവനക്കാരെയുമാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിലായിരുന്നു കൂട്ട നുണ പരിശോധന. യുഎസിന്റെ ആയുധ ശേഖരത്തിൽ ദീർഘദൂര മിസൈലുകളുടെയും പേട്രിയറ്റ് മിസൈൽവേധ സംവിധാനങ്ങളുടെയും എണ്ണത്തിൽ വൻ കുറവുണ്ടായെന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വലിയ ചർച്ചയായിരുന്നു.

