Saturday, September 5, 2026
HomeNewsഇറാനിയൻ എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം

ഇറാനിയൻ എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം

ടെഹ്റാൻ : ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ സംഭരണ കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം. ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ നൂർന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഇറാൻ അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇറാൻ വീണ്ടും ആണവായുധ നിർമാണത്തിലേക്ക് കടന്നാൽ യുഎസ് ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ആക്രമിക്കുമെന്ന് ട്രംപ് മുന്നിറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ ആക്രമണം.തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് ചുറ്റും കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുഎസ്-ഇറാൻ പോരാട്ടം കടുക്കുന്നതിനിടെയാണ് പുതിയ സംഭവം. മേഖലയിൽ മാസങ്ങളായി നിലനിൽക്കുന്ന സംഘർഷം ഇതോടെ പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഓഗസ്റ്റ് 30ന് ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ലാരാക് ദ്വീപിലെ ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. കടലിൽ മൈനുകൾ സ്ഥാപിക്കുന്നതും കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്നതുമായ ഇറാൻ നീക്കങ്ങൾ തടയാനായിരുന്നു ഈ ആക്രമണമെന്നാണ് വാഷിംഗ്ടൺ വ്യക്തമാക്കിയത്.

ഇതിന് മറുപടിയായി ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു. പിന്നാലെ ഈമാസം ഒന്നിന് ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിൽ യുഎസ് സൈന്യം വീണ്ടും ശക്തമായ ആക്രമണം നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, ആശയവിനിമയ കേന്ദ്രങ്ങൾ, മൈൻ സ്ഥാപിക്കുന്ന കേന്ദ്രങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഈ ആക്രമണത്തിന് ശേഷം ബഹ്‌റൈൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ്-സഖ്യകക്ഷി താവളങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി നൽകിയിരുന്നു.

ആഗോളതലത്തിൽ എണ്ണ വിതരണത്തിന്റെ പ്രധാന ഇടനാഴിയായ ഹോർമൂസ് കടലിടുക്ക് കേന്ദ്രീകരിച്ചാണ് നിലവിൽ പോരാട്ടം മുറുകുന്നത്. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇറാന്റെ ഈ നീക്കങ്ങളെ യുഎസ് സൈനികമായി ചോദ്യം ചെയ്യുകയാണ്. ഇരുവിഭാഗവും തമ്മിലുള്ള കപ്പൽ വേട്ടയും വെടിവെയ്പ്പും നിലവിൽ ഈ മേഖലയിലെ സമുദ്ര ഗതാഗതത്തെ പൂർണ്ണമായും തടസ്സപ്പെടുത്തിയിട്ടുണ്ട്. യുഎസിന്റെ വ്യോമാക്രമണങ്ങളും ഇറാന്റെ തിരിച്ചടികളും വരും ദിവസങ്ങളിൽ ആഗോള എണ്ണ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ആഗോള സമൂഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments