തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ പ്രതികൾക്ക് കുരുക്കായി വിരലടയാളവും. 15 ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. ആക്രമിച്ച വാഹനം, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എന്നിവയിൽ പ്രതികളുടെ വിരൽ അടയാളം കണ്ടെത്തിയിട്ടുണ്ട്. ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് എസ്എഫ്ഐ, സിപിഎം പ്രവർത്തകർ നടത്തിയിരുന്നത്.
പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിലധികം ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയിരുന്നത്. ബെംഗളൂരുവിൽ 6 ഇടങ്ങളിലായും റെയ്ഡി നടന്നു. എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തി.
തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഈ സാഹചര്യത്തിലാണ് പാർട്ടി പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തിയതും ഇഡി ഉദ്യോഗസ്ഥരെ അതിക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തിയതും.

