ഹൂസ്റ്റൺ : അമേരിക്കയിലെ ടെക്സസ്, ലൂസിയാന സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങൾക്ക് ഭീഷണിയുയർത്തി ‘എഡ്വേർഡ്’ ഉഷ്ണമേഖലാ കൊടുങ്കാറ്റ് രൂപപ്പെട്ടു. ഗൾഫ് തീരത്ത് രൂപംകൊണ്ട കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ വടക്കുപടിഞ്ഞാറൻ തീരത്തേക്ക് ആഞ്ഞടിക്കുമെന്നാണ് നാഷണൽ ഹറികെയ്ൻ സെൻ്ററിൻ്റെ (NHC) മുന്നറിയിപ്പ്.
ഇതേത്തുടർന്ന് ഇരു സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2026-ലെ അറ്റ്ലാൻ്റിക് ഹറികെയ്ൻ സീസണിൽ രൂപപ്പെടുന്ന അഞ്ചാമത്തെ പ്രധാന കൊടുങ്കാറ്റാണിത്.ടെക്സസിലെ പോർട്ട് ബൊളിവർ മുതൽ ലൂസിയാനയിലെ വെർമിലിയൻ/കാമറോൺ തീരം വരെയുള്ള പ്രദേശങ്ങളിൽ നിലവിൽ ട്രോപ്പിക്കൽ സ്റ്റോം മുന്നറിയിപ്പ് നിലവിലുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും മഴയും പ്രളയസാഹചര്യവും ഈ മേഖലകളിൽ ഉണ്ടായേക്കാം.
മിന്നൽ പ്രളയത്തിന് സാധ്യത
തീരദേശ ടെക്സസിലും സംസ്ഥാനത്തിൻ്റെ കിഴക്കൻ-മധ്യ പ്രദേശങ്ങളിലും 3 മുതൽ 6 ഇഞ്ച് വരെയും, ചിലയിടങ്ങളിൽ 9 ഇഞ്ച് വരെയും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. തെക്കുപടിഞ്ഞാറൻ ലൂസിയാനയിൽ 2 മുതൽ 3 ഇഞ്ച് വരെ മഴ ലഭിച്ചേക്കും. കനത്ത മഴയെത്തുടർന്ന് നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും മിന്നൽ പ്രളയത്തിന് (Flash Flood) സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ മൂന്ന് അടി വരെ ഉയരത്തിൽ ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ലൂസിയാനയിലെ കാമറോണിൽ നിന്ന് 140 മൈൽ തെക്കുകിഴക്കായും, ടെക്സസിലെ പോർട്ട് ആർതറിൽ നിന്ന് 175 മൈൽ തെക്കുകിഴക്കായുമാണ് കൊടുങ്കാറ്റിൻ്റെ സ്ഥാനം. നിലവിൽ മണിക്കൂറിൽ 40 മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. പടിഞ്ഞാറ് ദിശയിലേക്ക് പതുക്കെ നീങ്ങുന്ന കൊടുങ്കാറ്റ് വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. തീരവാസികൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

