Wednesday, September 2, 2026
HomeAmericaഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിലെ മിന്നൽ പ്രളയം: രണ്ട് മരണം, പതിനഞ്ചോളം പേർക്കായി തിരച്ചിൽ

ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിലെ മിന്നൽ പ്രളയം: രണ്ട് മരണം, പതിനഞ്ചോളം പേർക്കായി തിരച്ചിൽ

വാഷിംഗ്ടൺ : ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ യുഎസിലെ ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് സഞ്ചാരികൾ മരണപ്പെട്ടു. മലകയറ്റത്തിന് പോയ 15-ഓളം പേരെ കാണാതായതായി പാർക്ക് അധികൃതർ സ്ഥിരീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്തിറങ്ങിയ അതിശക്തമായ മഴയാണ് മലയോര മേഖലയിൽ കനത്ത പ്രളയത്തിന് കാരണമായത്. കുത്തിയൊലിച്ചുവന്ന മലവെള്ളപ്പാച്ചിലിൽ കൂറ്റൻ പാറക്കല്ലുകളും മരങ്ങളും പാലങ്ങളും തകർന്ന് കൊളറാഡോ നദിയിലേക്ക് പതിച്ചു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ കൊളറാഡോ നദിയിലെ ക്രിസ്റ്റൽ റാപ്പിഡ്സിന് സമീപത്തുനിന്ന് ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെടുത്തു. ടെക്സാസിൽ നിന്നുള്ള കൈറോപ്രാക്ടർ ഡോ. ജോൺ ഗിയുസ്റ്റി (46) ആണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇദ്ദേഹത്തോടൊപ്പം ഹൈക്കിംഗിന് പോയ രണ്ട് സുഹൃത്തുക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രണ്ടാമതൊരു മൃതദേഹം കൂടി കണ്ടെടുത്തതായി നാഷണൽ പാർക്ക് സർവീസ് (NPS) അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വെള്ളപ്പൊക്കം കനത്ത നാശനഷ്ടം വിതച്ച ഉൾ മേഖലകളിൽ നിന്ന് കുറഞ്ഞത് 62 സഞ്ചാരികളെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്തെ പ്രധാന കാൽനടപ്പാലങ്ങളെല്ലാം പ്രളയത്തിൽ തകർന്നു. പ്രശസ്തമായ ഫാന്റം റാഞ്ച് ലോഡ്ജ്, ബ്രൈറ്റ് ഏഞ്ചൽ ക്യാമ്പ് ഗ്രൗണ്ട്, നോർത്ത് കൈബാബ് ട്രയൽ തുടങ്ങിയവ താൽക്കാലികമായി അടച്ചു. ഉൾക്കാട്ടിലെ പ്രധാന ജലവിതരണ ശൃംഖലയുടെ 40 ശതമാനത്തോളം തകർന്നതിനാൽ പാർക്കിൽ ഇപ്പോൾ കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്.

അപകടസമയത്ത് ഫാന്റം റാഞ്ചിൽ ഉണ്ടായിരുന്ന അറുപതോളം സഞ്ചാരികൾ പാർക്ക് റേഞ്ചർമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ജീവനോടെ രക്ഷപ്പെട്ടത്. ചെളി നിറഞ്ഞ കറുത്ത വെള്ളം ക്യാമ്പിലേക്ക് ഇരച്ചുകയറിയതോടെ ഇവരോട് അടിയന്തിരമായി പാലം കടക്കാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. ഇവർ അക്കരെയെത്തി കൃത്യം പത്ത് മിനിറ്റിനകം ആ കാൽനടപ്പാലം പൂർണ്ണമായും ഒലിച്ചുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു.

മേഖലയിൽ ഇനിയും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് വീണ്ടും മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായേക്കാം. വേനൽക്കാലത്തെ മൺസൂൺ മഴ ഗ്രാൻഡ് കാന്യോണിൽ കനത്ത അപകടസാധ്യതയാണ് ഉയർത്തുന്നത്. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളിൽ പോലും ഇവിടെ പെട്ടെന്ന് കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. കാണാതായവർക്കായി അരിസോണ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ സഹകരണത്തോടെ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments