Tuesday, September 1, 2026
HomeAmericaഫണ്ട് വെട്ടിക്കുറച്ച് പദ്ധതി ഒഴിവാക്കാൻ നിർദ്ദേശിച്ച് ട്രംപ്: നാസയുടെ 'നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്കോപ്'...

ഫണ്ട് വെട്ടിക്കുറച്ച് പദ്ധതി ഒഴിവാക്കാൻ നിർദ്ദേശിച്ച് ട്രംപ്: നാസയുടെ ‘നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്കോപ്’ വിജയിച്ചപ്പോൾ അഭിനന്ദനവും പ്രശംസയും

പ്രപഞ്ചത്തിന്റെ വിശാലമായ കാഴ്ച മനുഷ്യന് ലഭ്യമാക്കാൻ രൂപകൽപ്പനചെയ്ത നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലസ്‌കോപ്പ് കഴിഞ്ഞ ദിവസമാണ് നാസ വിക്ഷേപിച്ചത്. യുഎസിലെ ഫ്‌ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ ഹെവി റോക്കറ്റിൽ ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4:56-നാണ് ടെലസ്‌കോപ്പ് കുതിച്ചുയർന്നത്.

നാസയുടെ ഏറ്റവും പ്രധാനപ്പെട്ട സ്‌പേസ് ഒബ്‌സർവേറ്ററികളിൽ ഒന്നാണിത്. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള രണ്ടാമത്തെ സൺ -എർത്ത് ലഗ്രേഞ്ച് പോയിന്റിലേക്കാണ് (L2) ഈ സ്‌പേസ് ടെലസ്‌കോപ്പ് യാത്ര തിരിച്ചിട്ടുള്ളത്.സ്‌പേസ് ടെലസ്‌കോപ്പിന്റെ പ്രാധാന്യത്തിനൊപ്പം വിക്ഷേപണത്തിന് തൊട്ടുപിന്നാലെ നടന്ന നാടകീയ സംഭവങ്ങളും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. വിജയകരമായ വിക്ഷേപണത്തെക്കുറിച്ച് വിവരിക്കുന്ന നാസയുടെ വാർത്താ സമ്മേളനത്തിനിടെയാണ് അഡ്മിനിസ്‌ട്രേറ്റർ ജാരദ് ഐസക്മാന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ കോൾ വരുന്നത്. തുടർന്ന് നാസ സംഘത്തെ അഭിനന്ദിച്ചും ദൗത്യത്തെ പ്രശംസിച്ചും ട്രംപ് സംസാരിച്ചതാണ് ഏവരെയും അമ്പരപ്പിച്ചത്.

ഫോണിലൂടെ നാസയ്ക്കുമേൽ അഭിനന്ദനം ചൊരിഞ്ഞ ട്രംപിന്റെ ഭരണകൂടം തന്നെയായിരുന്നു ടെലിസ്‌കോപ്പിനുള്ള ഫണ്ടിങ് വെട്ടിക്കുറയ്ക്കാനും പിന്നീട് പദ്ധതി പൂർണമായും ഒഴിവാക്കാനും നിർദ്ദേശിച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം.

ട്രംപ് പ്രസിഡന്റായിരുന്ന ആദ്യ കാലയളവിൽ 2019-നും 2021-നും ഇടയിലുള്ള മൂന്ന് വ്യത്യസ്ത ബജറ്റ് നിർദ്ദേശങ്ങളിൽ അദ്ദേഹത്തിന്റെ ഭരണകൂടം ഈ ദൗത്യം റദ്ദാക്കാൻ നിർദ്ദേശിച്ചിരുന്നു. എങ്കിലും കോൺഗ്രസ് ആ നിർദ്ദേശങ്ങൾ തള്ളിക്കളയുകയും റോമന് ഫണ്ടിങ് തുടരുകയും ചെയ്തു.ട്രംപിന്റെ രണ്ടാം ഭരണകാലത്തും ഈ ദൗത്യം ഗുരുതരമായ ഭീഷണി നേരിട്ടു. 2025-ൽ വൈറ്റ് ഹൗസ് സമർപ്പിച്ച ബജറ്റ് രേഖകളിൽ നാസയുടെ ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. പദ്ധതി ഉപേക്ഷിക്കപ്പെടുമോ എന്ന ആശങ്കയ്ക്കുപോലും ഇത് കാരണമായി. ഫണ്ട് വെട്ടിക്കുറയ്ക്കലുകൾ നാൻസി ഗ്രേസ് റോാൻ സ്‌പേസ് ടെലിസ്‌കോപ്പിന്റെ വിക്ഷേപണം ഉൾപ്പെടെ 50-ലധികം നാസ ദൗത്യങ്ങളെ അപകടത്തിലാക്കുന്നത് ആയിരുന്നു. എന്നാൽ കോൺഗ്രസ് ആ വെട്ടിക്കുറയ്ക്കൽ നിർദേശങ്ങൾ തള്ളിക്കളയുകയും 2026 സാമ്പത്തിക വർഷത്തേക്ക് നാസയ്ക്കായി ഏകദേശം 24.4 ബില്യൺ ഡോളർ അനുവദിക്കുകയും ചെയ്തു. ഇത് റോമനും മറ്റ് പ്രധാന ശാസ്ത്ര ദൗത്യങ്ങളും തുടർന്നുപോകാൻ വഴിയൊരുക്കി.

ഉപേക്ഷിക്കപ്പെടുകയോ അനിശ്ചിതമായി വൈകുകയോ ചെയ്യുമെന്ന ആശങ്കകൾക്കെല്ലാം ഒടുവിലാണ് റോമൻ സ്‌പേസ് ടെലസ്‌കോപ്പ് വിക്ഷേപണ തറയിലെത്തുകയും തുടർന്ന് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുകയും ചെയ്തിട്ടുള്ളത്.

ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള രണ്ടാമത്തെ സൺ-എർത്ത് ലഗ്രേഞ്ച് പോയിന്റിലേക്കുള്ള (L2) യാത്രയിലാണ് റോമൻ ടെലസ്‌കോപ്പ് ഇപ്പോൾ. നാസയുടെ ഏറ്റവും പ്രധാനപ്പെട്ട പുതിയ ഒബ്‌സർവേറ്ററികളിൽ ഒന്നാണിത്. ഹബിളിന്റെ വലിപ്പത്തിന് സമാനമായ 2.4 മീറ്റർ പ്രൈമറി മിററാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒറ്റ നിരീക്ഷണത്തിൽ തന്നെ ഹബിളിനേക്കാൾ കുറഞ്ഞത് 100 മടങ്ങ് വിശാലമായ ദൃശ്യം ലഭിക്കുന്ന വൈഡ് ഫീൽഡ് ഇൻസ്ട്രമെന്റും ഇതിലുണ്ട്. ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ എന്നിവയെക്കുറിച്ച് പഠിക്കാനും, താരാപഥങ്ങൾ എങ്ങനെ പരിണമിച്ചുവെന്ന് മനസിലാക്കാനും സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താനും ഇത് ശാസ്ത്രജ്ഞരെ സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments