കാഠ്മണ്ഡു: നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 768 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ ഏകദേശം 2500 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ ഭരണകൂടം വ്യക്തമാക്കുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെങ്കിലും മരണസംഖ്യ ഇനിയും വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
പ്രളയത്തിൽ മരിച്ച, ഇതുവരെ തിരിച്ചറിയപ്പെടാത്ത അനവധി മൃതദേഹങ്ങൾ വിവിധയിടങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. പഴകിയ ശവശരീരങ്ങൾ ദുർഗന്ധത്തിനും മറ്റ് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവ വേഗത്തിൽ സംസ്കരിക്കാനുള്ള നടപടികളിലേക്ക് നേപ്പാൾ ഭരണകൂടം കടക്കുകയാണ്.

