പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം. ഹോര്‍മുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിലുള്ള ഇറാന്‍റെ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് നേരെയാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമണം. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് വീണ്ടും ഇറാനെ ആക്രമിച്ചിരിക്കുന്നത്. ആക്രമണത്തില്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണം യുഎസ് സെന്‍റ്കോം സ്ഥിരീകരിച്ചു. ‘ പുലര്‍ച്ചെ അമേരിക്കന്‍ സൈന്യം ലറാക്ക് ദ്വീപിലെ രണ്ട് ഇറാന്‍ ലോഞ്ചറുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഹോര്‍മുസില്‍ മൈന്‍ വിതയ്ക്കാന്‍ ഇറാന്‍ സൈന്യം തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയായിരുന്നു ഇത്’ എന്നാണ് യുഎസ് സെന്‍റ്കോം വക്താവ് പ്രതികരിച്ചത്.
അതേസമയം, യുഎസ് ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്നും ജോര്‍ദനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഐആര്‍ജിസി അവകാശപ്പെട്ടു.’ ‘ജോര്‍ദനിലെ കിങ് ഹുസൈന്‍, അല്‍ അസ്റക് വ്യോമതാവളങ്ങളിലെ സാങ്കേതിക സൗകര്യങ്ങള്‍, അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രങ്ങള്‍,യുദ്ധവിമാനങ്ങള്‍ എന്നിവയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. കനത്ത നാശനഷ്ടം ഉണ്ടാക്കി’ എന്നാണ് ഔദ്യോഗിക ടെലിവിഷനിലൂടെ ഇറാന്‍ സൈന്യം വെളിപ്പെടുത്തിയത്.

