വാഷിംഗ്ടൺ : മിഡിൽ ഈസ്റ്റിലെ കഠിനമേറിയ ദൗത്യങ്ങൾ പൂർത്തിയാക്കി അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ മാതൃരാജ്യത്തേക്ക് മടങ്ങുന്നു. ഞായറാഴ്ച പുലർച്ചെയോടെ കപ്പൽ സിംഗപ്പൂർ തീരം പിന്നിട്ടു. നാട്ടിലേക്കുള്ള യാത്രാമധ്യേ ജീവനക്കാരുടെ വിശ്രമത്തിനായി കപ്പൽ തായ്‌ലൻഡിൽ അടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
സിംഗപ്പൂർ കടലിടുക്കിന് എതിർവശത്തുള്ള ഇന്തോനേഷ്യൻ ദ്വീപായ ബാത്തമിൽ നിന്നുള്ള അസോസിയേറ്റഡ് പ്രസ് ലേഖകരാണ് പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ ഈ ഭീമൻ യുദ്ധക്കപ്പൽ കടന്നുപോകുന്നത് ദൃശ്യങ്ങളിൽ പകർത്തിയത്. യു.എസ് നാവികസേനയുടെ കരുത്തായ ലിങ്കൺ, ഇറാനെതിരെയുള്ള യു.എസിൻ്റെ തന്ത്രപ്രധാന നീക്കങ്ങൾക്കാണ് മിഡിൽ ഈസ്റ്റിൽ നേതൃത്വം നൽകിയിരുന്നത്.
250 ദിവസത്തെ റെക്കോർഡ് ദൗത്യം
തുടർച്ചയായി 250 ദിവസത്തിലധികം കടലിൽ ചെലവഴിച്ച ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത വിന്യാസങ്ങളിലൊന്നാണ് ലിങ്കൺ പൂർത്തിയാക്കിയത്. എന്നാൽ കപ്പലിൻ്റെ ഈ ദീർഘകാലത്തെ കടൽവാസം ജീവനക്കാരെ പ്രതികൂലമായി ബാധിച്ചിരുന്നു. കപ്പലിൽ ഭക്ഷണസാധനങ്ങൾക്കും ശുചിത്വ ഉൽപ്പന്നങ്ങൾക്കും കടുത്ത ക്ഷാമം നേരിട്ടതായും, ജീവനക്കാരുടെ മാനസികാരോഗ്യം വൻതോതിൽ വഷളായതായും റിപ്പോർട്ടുകളുണ്ട്. ഇത് യു.എസ് സൈനിക വൃത്തങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അമേരിക്കയിലെ സ്വന്തം താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ജീവനക്കാർക്ക് ആവശ്യമായ വിശ്രമവും ആശ്വാസവും നൽകാനാണ് തായ്‌ലൻഡിലെ തുറമുഖത്തിൽ കപ്പൽ അടുപ്പിക്കുന്നതെന്ന് തായ് അധികൃതർ സ്ഥിരീകരിച്ചു.

