Tuesday, August 25, 2026
HomeAmericaഇറാനിലേക്കുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും പൂർണമായി തടയുന്നു; ഡോളർ സംവിധാനത്തിലും ഉപരോധം: യു.എസ് ട്രഷറി സെക്രട്ടറി

ഇറാനിലേക്കുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും പൂർണമായി തടയുന്നു; ഡോളർ സംവിധാനത്തിലും ഉപരോധം: യു.എസ് ട്രഷറി സെക്രട്ടറി

വാഷിങ്ടൺ : ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പുതിയ ഉപരോധങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇറാനിലേക്കുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും പൂർണമായി തടയുക എന്നതാണ് ഉപരോധത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബെസന്റ് വ്യക്തമാക്കി. കൂടാതെ ഇറാനുമായി ഇടപാടുകൾ സാമ്പത്തിക ബന്ധങ്ങൾ വിച്ഛേദിക്കാൻ തയാറാകാത്ത രാജ്യങ്ങൾക്കും കനത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനുമായി പണമിടപാടുകൾ നടത്തുന്നതിനോ കള്ളപ്പണം വെളുപ്പിക്കുന്നതിനോ സഹായിക്കുന്ന രാജ്യങ്ങളെ യു.എസ് ഡോളർ സംവിധാനത്തിൽ നിന്ന് പൂർണമായി പുറത്താക്കുമെന്നും ട്രഷറി സെക്രട്ടറി വ്യക്തമാക്കി. അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങളുടെ വിവരമനുസരിച്ച്, ഇറാൻ ഭരണകൂടത്തെ സഹായിക്കുന്നതായി ആരോപിക്കപ്പെടുന്ന 60 സ്ഥാപനങ്ങൾ, കപ്പലുകൾ, വ്യക്തികൾ എന്നിവർക്കും എണ്ണ വരുമാനത്തിനും പുറമേ, ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിങ് എന്നീ അഞ്ച് നിർണായക മേഖലകളെ പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടും.

പുതിയ ഉപരോധങ്ങൾ ഏതൊക്കെ രാജ്യങ്ങളെയാണ് ബാധിക്കുകയെന്ന് ബെസെന്റ് വ്യക്തമായി എടുത്തു പറഞ്ഞിട്ടില്ലെങ്കിലും, ഈ സംഘർഷാവസ്ഥയിൽ ഇരുഭാഗത്തും ഒരേസമയം നിൽക്കുന്ന രീതി ഇനി സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹകരണങ്ങൾ അമേരിക്കയുടെ കടുത്ത നടപടികൾക്ക് കാരണമാകും.

അതേസമയം യു.എസും ഇസ്രായേലും ചേർന്ന് ആക്രമണം ആരംഭിച്ചതിനുശേഷം ഇറാനിയൻ നാണയമായ റിയാലിന്റെ മൂല്യം വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. യു.എസ് ഡോളറിനെതിരെ റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലാണ് എത്തിനിൽക്കുന്നത്. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments