Tuesday, August 25, 2026
HomeNewsഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെയും യു.എസ് ഉപരോധം: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ബാധകം

ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെയും യു.എസ് ഉപരോധം: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ബാധകം

വാഷിങ്ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഇറാനെതിരെയുള്ള ഉപരോധത്തോടൊപ്പം ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കെതിരെയും യു.എസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യ ഉൾ​പ്പടെയുള്ള നിരവധി രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിലെ ഏറ്റവും വലിയ ആശങ്ക നയപരമായ ബന്ധത്തേക്കാൾ കച്ചവടവും സാമ്പത്തിക ഇടപാടുകളുമാണ്. ഇറാനിലേക്കുള്ള ഇന്ത്യയുടെ അരി, ചായ, മരുന്ന് കയറ്റുമതികളിൽ വലിയൊരു പങ്കും ഇപ്പോൾ ദുബൈ വഴിയാണ് നടക്കുന്നത്. എന്നാൽ, യു.എ.ഇ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അമേരിക്കയുടെ കടുത്ത ഉപരോധങ്ങളും ഒരുമിച്ച് വരുമ്പോൾ ഈ വ്യാപാര ഇടപാടുകൾ പൂർണമായും സ്തംഭിക്കുമെന്ന ആശങ്ക ശക്തമാണ്. 2018-19 കാലയളവിൽ ഏകദേശം 17 ബില്യൺ ഡോളറിലെത്തിയിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇതിനകം തന്നെ 90 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള നിലപാടായിരിക്കും ഏറ്റവും വലിയ പരീക്ഷണം. ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന പ്രധാന ഉപഭോക്താവാണ് ബെയ്ജിങ്. സ്വതന്ത്ര റിഫൈനറികൾ വഴിയും കപ്പൽ, പണമിടപാട് ശൃംഖലകൾ വഴിയും ചൈന ഇപ്പോഴും ഇറാനിയൻ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണക്കയറ്റുമതി ജൂലൈയിലെ പ്രതിദിനം 823,000 ബാരലിൽ നിന്ന് ആഗസ്റ്റിൽ 534,000 ബാരലായി കുറഞ്ഞെങ്കിലും, കാര്യമായ തോതിലുള്ള വ്യാപാരം ഇപ്പോഴും തുടരുന്നുണ്ട്.

ഇറാനുമായി സഹകരിക്കുന്നത് ചൈനയുടെ സ്വന്തം താൽപ്പര്യങ്ങൾക്ക് നല്ലതാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി ബെസന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന തള്ളിക്കുകളഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്തരം ഉപരോധങ്ങൾ സഹായിക്കില്ലെന്നാണ് ചൈന തുടക്കം മുതൽ സ്വീകരിച്ച് പോന്ന നിലപാട്. ഇറാനുമായി ഇടപാടുള്ള ചൈനീസ് ബാങ്കുകളെ ലക്ഷ്യമിടുമോ എന്ന ചോദ്യത്തിന്, ‘അമേരിക്കൻ ഉപരോധങ്ങളുടെ പരിധിക്ക് പുറത്തായി ആരുമില്ല’ എന്നായിരുന്നു ബെസന്റിന്റെ മറുപടി.

ഇറാനെതിരെ ഇതിനകം തന്നെ എണ്ണ, കപ്പൽ ഗതാഗതം, ബാങ്കുകൾ, കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ഉപരോധങ്ങൾ അമേരിക്ക ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇറാനിയൻ പെട്രോളിയം കയറ്റുമതി തടസ്സപ്പെടുത്തുന്നതിനായി നാവിക ഉപരോധവും അവർ ഉപയോഗിക്കുന്നുണ്ട്. ഈ പുതിയ തന്ത്രത്തെ ‘വൺ-ടു പഞ്ച്’ എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ പക്കൽ നാവിക ഉപരോധമുണ്ട്.ഒപ്പം ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങളും വരാൻ പോകുന്നു’ എന്ന് വ്യക്തമാക്കിയ ബെസന്റ്, ഇറാൻ ഭരണകൂടത്തെ തകർക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ഇറാൻ അന്താരാഷ്ട്ര ഉപരോധങ്ങളെ നേരിടുന്നത്. എന്നാൽ, ഈ പ്രഖ്യാപനത്തെ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ കർശനമായ നടപ്പിലാക്കലും വ്യാപ്തിയുമാണ്. ദശാബ്ദങ്ങളായി ഉപരോധങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇറാൻ എണ്ണ വിൽക്കാനും പണം കൈമാറാനും സാധനങ്ങൾ നേടാനും ഉപയോഗിക്കുന്ന മൂന്നാം രാജ്യങ്ങളിലെ ശൃംഖലകളെയാണ് പുതിയ ഉപരോധത്തിലൂടെ വാഷിങ്ടൺ ലക്ഷ്യമിടുക. ഇത് വഴി തെഹ്‌റാനുമായി വ്യാപാരം തുടരുന്നവർ ഇറാനുമായുള്ള ബന്ധമോ അതോ യു.എസ് ആധിപത്യമുള്ള സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള പ്രവേശനമോ തെര​ഞ്ഞെടുക്കാൻ നിർബന്ധിതരാവുമെന്ന പ്രതീക്ഷയിലാണ് യു.എസ്.

എന്നാൽ അമേരിക്കയുടെ പുതിയ നീക്കങ്ങളെ നേരിടാൻ തങ്ങൾ സജ്ജമാണെന്നും അമേരിക്കക്ക കനത്ത തിരിച്ചിട നൽകുമെന്നുമാണ് ഇറാൻ അറിയിച്ചിരിക്കന്നത്. ഇത് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായേക്കാമെന്ന ആശങ്ക ശക്തമാക്കുന്നതാണ്. തങ്ങൾക്കെതിരെയുള്ള സാമ്പത്തിക യുദ്ധം തുടർന്നാൽ പേർഷ്യൻ ഗൾഫിൽ നിന്ന് ‘ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ല’ എന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments