Friday, August 21, 2026
HomeGulfഅപൂർവ നാഡീരോഗം: പൂർണ ചികിത്സാച്ചെലവ് ഏറ്റെടുത്ത് ദുബൈ ഭരണാധികാരി

അപൂർവ നാഡീരോഗം: പൂർണ ചികിത്സാച്ചെലവ് ഏറ്റെടുത്ത് ദുബൈ ഭരണാധികാരി

ദുബൈ : സ്പൈനൽ മസ്കുലർ അട്രോഫി (എസ്​.എം.എ) എന്ന അപൂർവ നാഡീരോഗം ബാധിച്ച ഒരു വയസ്സും നാലു മാസവും പ്രായമുള്ള ജോർദാനിയൻ ബാലികയുടെ പൂർണ ചികിത്സാച്ചെലവ് ഏറ്റെടുത്ത് ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്‍റുമായ ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കാത്തിയ അബു അൽ-സൗദ് എന്ന കൊച്ചുകുട്ടിയുടെ ജീവൻരക്ഷാ ചികിത്സ ദുബൈയിലെ അൽ ജലീല ചിൽഡ്രൻസ് സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നടക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

ആറുമാസം പ്രായമുള്ളപ്പോഴാണ് കാത്തിയക്ക് മറ്റ് കുട്ടികളെപ്പോലെ സ്വാഭാവികമായ ശാരീരിക ചലനങ്ങൾ സാധ്യമാകുന്നില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ഈ രോഗത്തിനുള്ള ജീൻ തെറാപ്പി കുത്തിവെപ്പ് ജോർദാനിൽ ലഭ്യമായിരുന്നില്ല. കൂടാതെ, കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ഈ നിർണായകമായ കുത്തിവെപ്പ് നൽകേണ്ടതുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ കുടുംബം കടുത്ത ആശങ്കയിലാവുകയായിരുന്നു.

ഏകദേശം 24 ലക്ഷം ഡോളർ(ഏകദേശം 23കോടി രൂപ) ചെലവ് വരുന്ന ചികിത്സ താങ്ങാൻ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. തുടർന്ന് കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കുടുംബം സോഷ്യൽ മീഡിയയിലൂടെ ഫണ്ട് ശേഖരണം ആരംഭിച്ചു. ഈ വാർത്തയും കുടുംബത്തിന്‍റെ അഭ്യർഥനയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദുബൈ ഭരണാധികാരി മുഴുവൻ തുകയും നൽകി സഹായഹസ്തവുമായെത്തിയത്.

സാധാരണക്കാർക്ക് താങ്ങാനാകാത്ത ജീവൻരക്ഷാ ചികിത്സകൾ ആവശ്യമുള്ള കുട്ടികൾക്ക് മുമ്പും ശൈഖ്​ മുഹമ്മദ് ഇത്തരത്തിൽ തുണയായിട്ടുണ്ട്. സിറിയൻ, ഇറാഖി വംശജരായ കുട്ടികളുടെ സ്പൈനൽ മസ്കുലർ അട്രോഫി ചികിത്സക്കും, കാൻസർ ബാധിതയായ പെൺകുട്ടിയുടെ ചികിത്സക്കും അദ്ദേഹം മുമ്പ്​ പൂർണ സാമ്പത്തിക സഹായം നൽകിയിരുന്നു. അൽ ജലീല ഫൗണ്ടേഷൻ വഴി നിരവധി കുട്ടികൾക്കാണ് അദ്ദേഹം ആരോഗ്യവും പുതിയ ജീവിതവും ഉറപ്പാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments