വാഷിംഗ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഔദ്യോഗിക പരസ്യപ്രചാരണങ്ങൾക്ക് ഇനി മുതൽ സർക്കാർ ഫണ്ട് (നികുതിപ്പണം) ഉപയോഗിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരസ്യങ്ങൾക്കായുള്ള തുക ഇനി മുതൽ തന്റെ സൂപ്പർ പിഎസി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അനുകൂല പരസ്യങ്ങൾക്കായി സർക്കാർ പണം ഉപയോഗിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇത്തരം പരസ്യപ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് വളരെ സ്വാഭാവികമായ ഒന്നാണെന്ന് പറഞ്ഞ് ട്രംപ് വിമർശനങ്ങൾ തള്ളി. എങ്കിലും, യു.എസ് സർക്കാരിന്റെ ഫണ്ട് ഉപയോഗിക്കുന്നതിന് പകരം സ്വന്തം ചിലവിൽ തന്നെ പരസ്യങ്ങൾ നൽകാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

