വാഷിംഗ്ടൺ: യുഎസ് തിരഞ്ഞെടുപ്പ് പരിഷ്കരണത്തിൻ്റെ ഭാഗമായി വോട്ടർമാർക്ക് പൗരത്വ തെളിവുകളും ഫോട്ടോ തിരിച്ചറിയൽ രേഖയും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്റ്റ്’ എത്രയും വേഗം പാസാക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ശക്തമായ തിരഞ്ഞെടുപ്പ് വ്യവസ്ഥയെയും വോട്ടർ ഐഡി കാർഡ് സംവിധാനത്തെയും പ്രശംസിച്ചുകൊണ്ടാണ് ട്രംപ് ഈ ആവശ്യമുന്നയിച്ചത്.തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ട്രംപ് കുറിപ്പിൽ പരാമർശിച്ചു. “സാധുവായ ഒരു ഫോട്ടോ ഐഡി പോലുമില്ലാതെ നിങ്ങൾക്ക് എങ്ങനെയാണ് യുഎസിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുന്നത് എന്ന് ഈ മാസം ആദ്യം ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ ഞങ്ങളുടെ ഭരണകൂടത്തോട് ചോദിക്കുകയുണ്ടായി,” ട്രംപ് വ്യക്തമാക്കി.ഇന്ത്യയിലെ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൻ്റെ കണക്കുകൾ ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിൻ്റെ വാദങ്ങൾ.
“ഇന്ത്യയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 64.6 കോടി വോട്ടർമാരാണ് പങ്കെടുത്തത്. അതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വോട്ട് വോട്ട് രേഖപ്പെടുത്തിയത്. ബാക്കി എല്ലാ വോട്ടർമാർക്കും സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ നിർബന്ധമായിരുന്നു. നമുക്ക് ഇപ്പോൾ തന്നെ സേവ് അമേരിക്ക ആക്റ്റ് പാസാക്കേണ്ടതുണ്ട്,” ട്രംപ് കുറിച്ചു.
അമേരിക്കൻ പൗരന്മാർക്ക് മാത്രമേ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അർഹതയുള്ളൂ എന്ന് ഉറപ്പാക്കാനാണ് ഈ നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കൻ തിരഞ്ഞെടുപ്പുകളുടെ ഭാവി തീരുമാനിക്കേണ്ടത് അമേരിക്കൻ പൗരന്മാർ മാത്രമായിരിക്കണമെന്നും, ഇരുപാർട്ടികളുടെയും പിന്തുണ അർഹിക്കുന്ന പ്രായോഗികമായ ഒന്നാണ് ഈ ബില്ലെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
പുതിയ നിയമം നിലവിൽ വന്നാൽ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്നതിന് സാധുവായ ഐഡി കാർഡും യുഎസ് പൗരത്വത്തിൻ്റെ തെളിവും വോട്ടർമാർ നിർബന്ധമായും ഹാജരാക്കേണ്ടി വരും. കൂടാതെ നിലവിൽ യുഎസിൽ വ്യാപകമായുള്ള മെയിൽ വഴിയുള്ള വോട്ടിംഗ്, ഗുരുതരമായ രോഗം, വൈകല്യം, സൈനിക സേവനം, അത്യാവശ്യ യാത്രകൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനും ഈ ബില്ലിൽ നിർദ്ദേശമുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

