തെഹ്റാന്‍ : യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും യു.എസും ഒപ്പുവെച്ച പതിനാലിന ധാരണപത്രത്തിന്റെ രണ്ട് മാസ കാലാവധി ഇന്ന് അവസാനിക്കും. ആഴ്ചകളായി ഇരുവിഭാഗവും പരസ്പരം കരാർ ലംഘിച്ചുവെന്ന് ആരോപിക്കുന്ന സാഹചര്യത്തിൽ, കരാർ നീട്ടാൻ ഇരുപക്ഷവും സന്നദ്ധമാകുമോ എന്നതിൽ ആശങ്കയുണ്ട്. “അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഞങ്ങൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ല,” എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ടെലഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ഖത്തറിലെയും പാകിസ്ഥാനിലെയും മധ്യസ്ഥന്മാർ ഇറാനുമായി സന്ദേശങ്ങൾ കൈമാറുന്നത് തുടർന്നു. ഹുർമുസ് കടലിടുക്കിലെ പുതിയ കപ്പൽ മാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിനായി ഒമാനുമായി തങ്ങൾ ഒരു പ്രത്യേക കരാറിനായി പ്രവർത്തിക്കുന്നുണ്ടെന്ന് അരാഗ്ചി കൂട്ടിച്ചേർത്തു. എങ്കിലും യു.എസ് ഉപരോധം പിൻവലിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നാൽ നിർണായകമായ ജലപാത അമേരിക്ക ഉടൻ തന്നെ സ്വന്തമാക്കുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം.
വിയറ്റ്‌നാമിനേക്കാള്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ അമേരിക്ക ഇറാന്‍ യുദ്ധത്തില്‍ പ്രയോഗിച്ചതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് പറഞ്ഞു.ഹുര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം തുടരുകയാണ്. ഇറാനെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളാണ് അമേരിക്കയുടെ ആലോചനയിലുള്ളത്.
എന്താണ് എം.ഒ.യു?
പാകിസ്താന്റെ ആതിഥേയത്വത്തിൽ നടന്ന ഉന്നതതല ചർച്ചകളെത്തുടർന്ന് ജൂൺ 17-നാണ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും ചേർന്ന് ഈ കരാറിൽ ഒപ്പുവെച്ചത്.

