ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ പ്രധാന മുൻഗണന ഇപ്പോൾ അവിടുത്തെ ആണവ പദ്ധതി തടയലല്ല, മറിച്ച് അമേരിക്കൻ ഉപഭോക്താക്കൾക്കായി എണ്ണ വില കുറയ്ക്കുക എന്നതാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഇറാനെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളും ശിക്ഷാനടപടിയും ഉടൻ ഉണ്ടാകുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിലൂടെ ഇറാന് ലഭിച്ച ശക്തമായ സ്വാധീനത്തെയാണ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെയും പ്രസ്താവനകളിലൂടെ വ്യക്തമാകുന്നത്. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം അവകാശപ്പെട്ടിരുന്നതെങ്കിലും, ഇപ്പോൾ കടലിടുക്കിലൂടെ എണ്ണ വ്യാപാരം പുനഃസ്ഥാപിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് വാൻസ് പറഞ്ഞു.
ഫെബ്രുവരി അവസാനം ഇസ്രായേലുമായി ചേർന്ന് ട്രംപ് യുദ്ധം ആരംഭിക്കുന്നതിന് മുൻപ് തുറന്നിരുന്നതും നിർണായകമായ ഇന്ധന വിതരണ പാതയുമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ യുദ്ധം കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിലേക്കാണ് വാൻസിന്റെ വാക്കുകൾ വിരൽ ചൂണ്ടുന്നത്. ഇറാൻ ഈ പാത പൂർണ്ണമായും അടച്ചുപൂട്ടിയതോടെ ട്രംപിനെതിരെ നിർണായകമായ ഒരു വിലപേശൽ ശക്തി ഇറാൻ കൈവരിച്ചു.

