പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ അഞ്ച് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരിൽ നാലുപേർക്ക് വിമാനത്തിനുള്ളിൽ വെച്ച് പെട്ടെന്ന് വയ്യാതായി. വ്യാഴാഴ്ച രാവിലെ ക്ലീവ്‌ലാൻഡിൽ നിന്ന് ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിലെ (ഫ്ലൈറ്റ് 1046) ജീവനക്കാർക്കാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് വിമാനത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലവേദനയും ഓക്കാനവുമാണ് ജീവനക്കാർക്ക് അനുഭവപ്പെട്ടത്. വിമാനത്തിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ ബന്ധപ്പെടുകയും അടിയന്തര വൈദ്യസഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
ഗേറ്റിൽ മെഡിക്കൽ സംഘത്തെ ലഭ്യമാക്കണം എന്നും പൈലറ്റ് ആവശ്യപ്പെട്ടു.കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, എല്ലാ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർക്കും തലവേദനയുണ്ടെന്നും അതിൽ നാലുപേർക്ക് കടുത്ത ഓക്കാനം അനുഭവപ്പെടുന്നുണ്ടെന്നുമാണ് പൈലറ്റ് പറഞ്ഞത്. തുടർന്ന് വിമാനം ഫോർട്ട് ലോഡർഡെയ്‌ലിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും, എയർപോർട്ടിൽ തയ്യാറായി നിൽക്കുകയായിരുന്ന മെഡിക്കൽ സംഘം ജീവനക്കാരെ പരിശോധിക്കുകയും ചെയ്തു. എന്താണ് ഈ അസുഖത്തിന് കാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഏവിയേഷൻ റിപ്പോർട്ടുകൾ പ്രകാരം ഇത്തരം സംഭവങ്ങളെ ‘ഫ്യൂം ഇവൻ്റ്’ അല്ലെങ്കിൽ ‘ടോക്സിക് ഫ്യൂം ഇവൻ്റ്’ എന്നാണ് വിളിക്കുന്നത്.
വിമാനത്തിൻ്റെ എൻജിൻ ഓയിലോ മറ്റ് രാസവസ്തുക്കളോ ആവിയായി എയർ കണ്ടീഷനിങ് സിസ്റ്റത്തിലൂടെ ക്യാബിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് സാധാരണയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുള്ളത്. മുൻ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെയും സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

