ന്യൂഡൽഹി: രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ തുടക്കമായി. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകാൻ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സായുധ സേനകൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. തുടർന്ന് ചെങ്കോട്ടയുടെ പ്രാകാരത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ച പ്രധാനമന്ത്രി ധീര സ്വാതന്ത്ര്യ സമര സേനാനികളെ നമിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിന് ശേഷം ചരിത്രത്തിലാദ്യമായാണ് ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’ മുഴങ്ങുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു.
ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ചരിത്ര മുഹൂർത്തം അരങ്ങേറിയത്. സ്വാതന്ത്ര്യസമരത്തിന് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ വന്ദേമാതരം ചെങ്കോട്ടയിൽ ആലപിച്ചത് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയാണ്. ഇതോടൊപ്പം ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിൻ്റെ പ്രയാണത്തിൽ യുവശക്തിയുടെ പങ്കിനെയും പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ പ്രകീർത്തിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ഉയരുകയാണ്. വന്ദേമാതരത്തിൻ്റെ 150 വർഷം ആഘോഷിക്കുന്ന വേളയിൽ എല്ലാ മനസ്സിലും വന്ദേമാതരം മുഴങ്ങുന്നു.–പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ വികസനത്തിൻ്റെ പുതിയൊരു വേഗത കൈവരിച്ചു
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ വികസനത്തിൻ്റെ പുതിയൊരു വേഗത കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. രാജ്യത്തിന്റെ ഈ കുതിപ്പിന് പിന്നിൽ 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയവും കഴിവുകളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വൻ വളർച്ചയുടെ കണക്കുകളും പ്രധാനമന്ത്രി പങ്കുവെച്ചു. ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ മൊബൈൽ ഫോൺ ഉത്പാദനം കഴിഞ്ഞ 12 വർഷത്തിനിടെ 33 മടങ്ങാണ് വർദ്ധിച്ചത്.
രാജ്യത്തെ ആധുനിക റെയിൽവേ കോച്ചുകളുടെ നിർമ്മാണത്തിൽ 21 മടങ്ങിന്റെ വൻ വർദ്ധനവുണ്ടായി. രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണം ഏകദേശം ഏഴ് മടങ്ങായി ഉയർന്നു. പരമ്പരാഗത മേഖലയായ ഖാദി, ഗ്രാമവ്യവസായ ഉത്പാദനത്തിൽ അഞ്ച് മടങ്ങിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉത്പാദനം നാല് മടങ്ങോളം വർദ്ധിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ 100% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ ആഗോള ഉത്പാദന ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോകം ഇന്ത്യയെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ നിർബന്ധിതരായി
ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരിക്കെ, അതൊരു വികസിത രാഷ്ട്രമായി മാറുമ്പോൾ ലോകം ഇന്ത്യയെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ നിർബന്ധിതരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.സ്വാതന്ത്ര്യദിനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വപ്നങ്ങൾ ഇനി വലുതാകുകയാണ്. സ്വപ്നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാക്കും. അതിലൂടെ കഴിവുകൾ വർധിക്കും. സ്വപ്നങ്ങൾ ദൃഢമാകുമ്പോൾ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നു ചേരുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ അശ്രാന്തപരിശ്രമം നടത്തുന്ന രാജ്യത്തെ ഓരോ പൗരനെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. ദലിതർ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ, ഗോത്രവർഗക്കാർ, ഗ്രാമ-നഗര നിവാസികൾ, ദരിദ്രർ, മധ്യവർഗം, യുവാക്കൾ, പ്രായമായവർ, രാജ്യത്തെ സ്ത്രീപുരുഷന്മാർ എന്നിവരടങ്ങുന്ന ജനതയുടെ കൂട്ടായ പരിശ്രമത്തെ പ്രധാനമന്ത്രി ആദരിച്ചു. ഒരിക്കൽ വികസനം എത്തിനോക്കാതിരുന്ന “നോ-ഗോ ഏരിയകളെ” (വിലക്കപ്പെട്ട മേഖലകൾ) ഇന്ന് രാജ്യം “ഗോ-എഹെഡ് ഏരിയകൾ” (മുന്നേറ്റ മേഖലകൾ) ആക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആണവോർജ്ജ മേഖലയിൽ വൻ കുതിപ്പ്+ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ ആണവോർജ്ജ നിലയങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആണവ ഇന്ധന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്ക് ഇന്ത്യ വലിയൊരു ചുവടുവെപ്പ് നടത്തിയതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ വർഷം ‘ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ സാങ്കേതികവിദ്യ’ വിജയകരമായി മാസ്റ്റർ ചെയ്തതിലൂടെ രാജ്യം ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്തകളിലെ പരിമിതികൾ മാറണം
വിഭവങ്ങളുടെ കുറവുകൊണ്ടല്ല രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുന്നത്, മറിച്ച് ചിന്തകളിലെ പരിമിതികൾ കൊണ്ടാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ചിന്തകൾ പരിമിതികൾക്കുള്ളിൽ ഒതുങ്ങിപ്പോകുമ്പോൾ ജനങ്ങൾക്ക് സ്വന്തം കഴിവുകളെ തിരിച്ചറിയാൻ സാധിക്കാതെ വരുന്നുവെന്നും, ഈ ചിന്താഗതി മാറ്റിവെച്ച് രാജ്യം മുന്നോട്ട് കുതിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇന്ത്യ മുമ്പ് തങ്ങളുടെ തീരക്കടൽ മേഖലകളുടെ 98 ശതമാനത്തിലും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ, സർക്കാർ ഇപ്പോൾ ഈ സമീപനത്തിൽ മാറ്റം വരുത്തുകയും പര്യവേക്ഷണത്തിനായി തീരക്കടൽ മേഖലകൾ തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 25 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം കഴിവുകൾ ശക്തിപ്പെടുത്തണം
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് കഴിയരുതെന്നും സ്വന്തം കഴിവുകൾ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഒരു ‘ആത്മനിർഭർ ഭാരതത്തിനായി’ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി മോദി, രാജ്യം സ്വയംപര്യാപ്തത എന്ന ദൃഢനിശ്ചയത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കി. ഓരോ ഇന്ത്യക്കാരനും മേയ്ക്ക് ഇൻ ഇന്ത്യ, സ്വദേശി, വോക്കൽ ഫോർ ലോക്കൽ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇതര ഊർജ്ജ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആണവോർജ്ജ ഉൽപ്പാദനത്തിൽ രാജ്യം 200 ജിഗാവാട്ട് ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഇതിനായി അഞ്ച് പുതിയ ആണവ റിയാക്ടറുകൾ സ്ഥാപിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.പൈപ്പ്ഡ് ഗ്യാസ് ഇപ്പോൾ 1.75 കോടി വീടുകളിൽ എത്തുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള 50 ലക്ഷത്തിലധികം വീടുകളിൽ സൗരോർജ്ജം ലഭ്യമാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
2047-ഓടെ ഇന്ത്യയെ ഒരു സമ്പൂർണ്ണ വികസിത രാഷ്ട്രമാക്കുക ലക്ഷ്യം
2047-ഓടെ ഇന്ത്യയെ ഒരു സമ്പൂർണ്ണ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഏഴിന പരിഷ്കരണ അജണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ‘സപ്തധാര’ എന്ന് പേരിട്ടിരിക്കുന്ന ഈ വികസന മാതൃകയിലൂടെ രാജ്യത്തിൻ്റെ സാമ്പത്തിക, സാമൂഹിക, സാങ്കേതിക മേഖലകളിൽ വലിയ മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഭരണപരിഷ്കാരങ്ങളുടെയും വികസനത്തിൻ്റെയും ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് നേരിട്ടെത്തുന്നുവെന്ന് ഉറപ്പാക്കാൻ ഈ ഏഴു തത്വങ്ങൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ആഗോളതലത്തിൽ ഭാരതത്തിന്റെ സ്ഥാനം ദൃഢമാക്കാൻ സഹായിക്കുന്ന ആ ഏഴ് പ്രധാന മേഖലകൾ ഇവയാണ്:
ഉത്പാദന മേഖല : ആഗോള വിപണിയിലെ മത്സരങ്ങളിൽ മുൻപിലെത്താൻ ഉത്പാദനച്ചെലവ് കുറയ്ക്കണമെന്നും, മികച്ച ഗുണനിലവാരവും വൻതോതിലുള്ള ഉത്പാദന ശേഷിയും (Scale) ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കൃഷിയും ഭക്ഷ്യസംസ്കരണവും: ഇന്ത്യൻ കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങളെ അന്താരാഷ്ട്ര തലത്തിൽ വലിയ ബ്രാൻഡുകളാക്കി മാറ്റുകയാണ് ലക്ഷ്യം.
സാങ്കേതികവിദ്യയും നവീകരണവും : ഡിജിറ്റൽ, വാർത്താവിനിമയ സാങ്കേതികവിദ്യകൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് രാജ്യത്ത് നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കും.
ഗതി-ശക്തി : രാജ്യത്തുടനീളം വേഗതയേറിയതും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കും.
രക്ഷാ ശക്തി : ഡ്രോണുകൾ, സൂപ്പർസോണിക് സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള അടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകളിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കും.
ഗ്രീൻ & ബ്ലൂ ഇക്കോണമി : ഇന്ത്യയുടെ പ്രകൃതിദത്ത വിഭവങ്ങൾ, ഹരിത ഊർജ്ജം, വിപുലമായ കടൽ സമ്പത്ത് (ബ്ലൂ ഇക്കോണമി) എന്നിവ രാജ്യപുരോഗതിക്കായി പരമാവധി പ്രയോജനപ്പെടുത്തും.
ഇന്ത്യയുടെ സോഫ്റ്റ് പവർ : യോഗ, ആയുർവേദം, സമഗ്ര ആരോഗ്യം, സർഗ്ഗാത്മക വിഭവങ്ങൾ, വിനോദസഞ്ചാരം എന്നിവയിലൂടെ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ആഗോളതലത്തിൽ കൂടുതൽ വ്യാപിപ്പിക്കും.
ഈ ഏഴ് മേഖലകളിലെ കൃത്യമായ ഇടപെടലുകളിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് വേഗത്തിൽ നയിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ വെച്ച് പ്രത്യാശ പ്രകടിപ്പിച്ചു.ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയ്ക്ക് സ്ഥിരതയുള്ള സർക്കാരുണ്ടെന്നും അതുകൊണ്ടാണ് 2014 മുതൽ ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനംരാജ്യത്തിന് ഊർജ്ജസ്വലമായ ഒരു ജനാധിപത്യ സംവിധാനവും ശക്തമായ നീതിന്യായ വ്യവസ്ഥയുമുണ്ടെന്നും രാജ്യത്തെ നയിക്കുന്നത് ശക്തമായ ഭരണഘടനയാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു.രാജ്യം കൈവരിച്ച പുതിയ വ്യാപാര കരാറുകളെക്കുറിച്ച് പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. ഈ കരാറുകൾ ഇന്ത്യയ്ക്ക് വലിയ വികസന അവസരങ്ങളാണ് തുറന്നുനൽകുന്നത്. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഈ സുവർണ്ണാവസരം ഒരു കാരണവശാലും കൈവിട്ടുകളയരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സാങ്കേതിക മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ട് നിർണായകമായ ഒരു പുതിയ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു കോടി യുവാക്കൾക്ക് ഒരു വർഷത്തിനുള്ളിൽ കൃത്രിമബുദ്ധിയിൽ (എഐ) വിദഗ്ദ്ധ പരിശീലനം നൽകുന്ന പദ്ധതിക്കാണ് സർക്കാർ രൂപം നൽകുന്നത്. യുവാക്കളെ ആധുനിക തൊഴിൽ വിപണിക്ക് സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മത്സരപരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ്
രാജ്യത്തെ യുവാക്കൾക്കായി മത്സരപരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയായിരിക്കും ഈ സൗകര്യം ഒരുക്കുക. ‘കോച്ചിങ് മാഫിയകളിൽ’ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രധാന പ്രമേയമായ ‘വികസിത് ഭാരത് @2047-നായി യുവശക്തി’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.
ഇന്ത്യൻ കമ്പനികൾക്ക് വലിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് പ്രധാനമന്ത്രി
ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വലിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വരുന്ന ഒരു പതിറ്റാണ്ടിനുള്ളിൽ ഫോർച്യൂൺ 500 കമ്പനികളുടെ പട്ടികയിൽ 50 ഇന്ത്യൻ കമ്പനികളെയെങ്കിലും ഉൾപ്പെടുത്തുകയാണ് ഇന്ത്യ ലക്ഷ്യമിടേണ്ടതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കൂടാതെ, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബാങ്കുകളിൽ ഒന്നായി ഒരു ഇന്ത്യൻ ബാങ്കെങ്കിലും മാറണമെന്നും, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ഫാർമസ്യൂട്ടിക്കൽ (മരുന്ന് നിർമ്മാണ) കമ്പനികളിൽ ഒന്നായി ഒരു ഇന്ത്യൻ കമ്പനിയെങ്കിലും ഇടംപിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സ്വന്തം കരുത്തിൽ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയ മോദി, ആഗോള പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് സർക്കാർ നൽകുന്ന പിന്തുണയെ ചെങ്കോട്ടയിലെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ആഗോള വിപണിയിൽ ഒരു ചാക്ക് യൂറിയയ്ക്ക് ഏകദേശം 3,000 രൂപയോളം വിലവരുമ്പോൾ, ഇന്ത്യൻ കർഷകർക്ക് വെറും 300 രൂപയ്ക്കാണ് വളം നൽകുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയിൽ ഡി.എ.പി (DAP) യുടെ വില 5,000 രൂപയിൽ എത്തിയെങ്കിലും ഇന്ത്യൻ കർഷകർക്ക് അത് ഇപ്പോഴും 1,350 രൂപയ്ക്കാണ് ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം “ദിമാഗി നക്സലുകളെ” (ബുദ്ധിജീവി നക്സലുകൾ/ചിന്താഗതി കൊണ്ട് രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ) ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. അതിർത്തിക്കുള്ളിൽ നിന്നും അതിർത്തികൾക്ക് അപ്പുറത്തുനിന്നുമുള്ള വെല്ലുവിളികളെ നേരിടാൻ ഇന്ത്യ പൂർണ്ണ സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വനിതാ സംവരണത്തിന് (33%) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുക എന്നത് “കാലഘട്ടത്തിന്റെ ആവശ്യമാണ്” എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ നീക്കത്തെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു.സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതോടൊപ്പം സ്ത്രീശക്തിയെ കൂടുതൽ ബഹുമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

