വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന ആണവ യുദ്ധക്കപ്പലിലെ നാവികർ കടുത്ത മാനസിക സമ്മർദ്ദവും മോശം ജീവിതസാഹചര്യങ്ങളും നേരിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് കപ്പലിലെ ജീവനക്കാർക്ക് പകരമായി യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ എന്ന പുതിയ വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ അമേരിക്കൻ പ്രതിരോധ മന്ത്രാലയം നടപടികൾ ആരംഭിച്ചു.
വിയറ്റ്നാമിലെ ഡാ നാങ്ങിൽ നിന്ന് പുറപ്പെട്ട യുഎസ്എസ് വാഷിംഗ്ടൺ നിലവിൽ മലാക്ക കടലിടുക്ക് പിന്നിട്ട് ഇന്ത്യൻ മഹാസമുദ്ര ലക്ഷ്യമാക്കി നീങ്ങുകയാണ്. എന്നാൽ ഇത് അടിയന്തിര നടപടിയല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച കപ്പൽ മാറ്റത്തിൻ്റെ ഭാഗം മാത്രമാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.തുടർച്ചയായി 250 ദിവസത്തിലധികമായി കടലിൽ തുടരുന്ന യുഎസ്എസ് ലിങ്കണിലെ ജീവനക്കാർ കടുത്ത ജോലിഭാരവും ഒറ്റപ്പെടലും മൂലം കടുത്ത മാനസിക പ്രതിസന്ധിയിലാണ്. കപ്പലിൽ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നാവികരെ മറ്റ് ജീവനക്കാർ ചേർന്ന് പിന്തിരിപ്പിച്ച സംഭവങ്ങൾ വരെ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ നവംബർ 21-ന് സാൻ ഡിയാഗോയിൽ നിന്ന് പസഫിക് ദൗത്യത്തിനായി പുറപ്പെട്ട കപ്പൽ, ഫെബ്രുവരിയിൽ ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതോടെയാണ് മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചുവിട്ടത്. കഴിഞ്ഞ 200 ദിവസമായി നാവികർക്ക് കരയിലിറങ്ങാൻ അനുവാദം ലഭിച്ചിട്ടില്ല.
കപ്പലിലെ മോശം ജീവിതസാഹചര്യങ്ങളും ജീവനക്കാരുടെ കുടുംബങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. കുടിവെള്ള മലിനീകരണം, ശുചിമുറികളുടെ തകരാർ, ചൂടുവെള്ളത്തിൻ്റെ ലഭ്യതക്കുറവ്, ഭക്ഷണ-മരുന്ന് ക്ഷാമം, കത്തുകളും സന്ദേശങ്ങളും യഥാസമയം ലഭിക്കാത്ത അവസ്ഥ എന്നിവ നാവികരെ കൂടുതൽ മാനസികമായി തളർത്തുന്നതായി ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാൽ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ, കപ്പലിൽ മാനസികാരോഗ്യ പ്രതിസന്ധിയോ ആത്മഹത്യാ ശ്രമങ്ങളോ വർദ്ധിച്ചിട്ടില്ലെന്ന് യുഎസ് നാവികസേന അവകാശപ്പെട്ടു. നാവികർക്ക് ആവശ്യമായ കൗൺസിലിംഗ് സൗകര്യങ്ങളും മികച്ച ഭക്ഷണവും ലഭ്യമാണെന്നും, മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ കാരണം സാധനങ്ങൾ എത്തിക്കുന്നതിൽ ചില തടസ്സങ്ങൾ മാത്രമാണ് ഉണ്ടായതെന്നും യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് ഉൾപ്പെടുന്ന മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ യുദ്ധക്കപ്പലിൻ്റെ വിന്യാസം.

