ഭുവനേശ്വർ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സമരങ്ങൾക്കിടയിൽ ജെൻ സി തലമുറയെ ചിലർ ബോധപൂർവ്വം വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്നും അതാണ് തന്റെ രാജിക്ക് പിന്നിലെ കാര്യമെന്നും മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ ധർമ്മേന്ദ്ര പ്രധാൻ. ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യമായാണ് രാജിക്ക് പിന്നിലെ കാരണം പ്രധാൻ തുറന്നുപറയുന്നത്. ഭുവനേശ്വറിലെ ജി.എം യൂനിവേഴ്സിറ്റിയിൽ നടന്ന പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവ്യാപകമായി നടന്ന നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെയും ജന്തർമന്ദറിലെ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങളെയും തുടർന്ന് ജൂലൈ 25നാണ് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്. അധികാരമോ മന്ത്രിസ്ഥാനമോ തനിക്ക് ഒരിക്കലും പ്രധാനപ്പെട്ടതായിരുന്നില്ലെന്നും, രാജ്യത്തിന്റെ ഭാവി തലമുറയെ കരുതിയാണ് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്വയം രാജി സമർപ്പിച്ചതെന്നുമാണ് ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
മേയ് 3ന് നടന്ന നീറ്റ് പരീക്ഷയെ തുടർന്നുണ്ടായ വ്യാപക പരാതികളെത്തുടർന്ന് ഡൽഹി ജന്തർമന്ദർ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. വിദ്യാർഥി പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമായതോടെയാണ് ജൂലൈ 25ന് ധർമ്മേന്ദ്ര പ്രധാൻ മന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിച്ചത്. സമരങ്ങളുടെ മറവിൽ ചില ശക്തികൾ പുതിയ തലമുറയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചുവെന്നും, ആ പ്രക്ഷോഭങ്ങൾ രാജ്യവിരുദ്ധ ശക്തികൾ ചൂഷണം ചെയ്യാതിരിക്കാനാണ് താൻ മന്ത്രി സ്ഥാനം ഒഴിഞ്ഞതെന്നും പ്രധാൻ വിശദീകരിച്ചു. ‘ജെൻ സി നമ്മുടെ കുട്ടികളാണ്. ചിലർ അവരെ വഴിതെറ്റിക്കാൻ ശ്രമിച്ചു. എനിക്ക് വ്യക്തിപരമായി അവരോട് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല,’ പ്രധാൻ കൂട്ടിച്ചേർത്തു.
അതേസമയം, ഒഡിഷയിൽ നടന്ന മറ്റൊരു യോഗത്തിൽ ഒഡിഷ മുൻ മുഖ്യമന്ത്രിയും ബി.ജെ.ഡി അധ്യക്ഷനുമായ നവീൻ പട്നായിക്കിനെ ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. വിമാനത്താവളത്തിന് സമീപം ബി.ജെ.ഡി യുവജന വിഭാഗം തനിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചതിനെതിരെയും അദ്ദേഹം വിമർശിച്ചു. എന്നാൽ, പ്രധാന്റെ പ്രസ്താവനക്കെതിരെ ബി.ജെ.ഡി മറുപടിയുമായി എത്തി.
ഡൽഹിയിൽ സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയ കേന്ദ്ര സർക്കാറിന്റെ നടപടിയാണ് ധർമ്മേന്ദ്ര പ്രധാന്റെ പ്രതിച്ഛായ തകർത്തതെന്ന് ബി.ജെ.ഡി സാൽബൂർ ജില്ലാ അധ്യക്ഷനും മുൻ മന്ത്രിയുമായ രോഹിത് പൂജാരി പറഞ്ഞു. സ്വന്തം സർക്കാറിന്റെ തെറ്റായ നയങ്ങൾ കാരണം പ്രതിസന്ധിയിലായ പ്രധാൻ, അതിന് നവീൻ പട്നായിക്കിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

