Wednesday, August 12, 2026
HomeNewsനാറ്റോ സഖ്യത്തിന് റഷ്യൻ പരീക്ഷണമോ?: നാറ്റോ അംഗരാജ്യത്തിന് നേരെ റഷ്യൻ ആക്രമണ സാധ്യതയെന്ന് യുഎസ്...

നാറ്റോ സഖ്യത്തിന് റഷ്യൻ പരീക്ഷണമോ?: നാറ്റോ അംഗരാജ്യത്തിന് നേരെ റഷ്യൻ ആക്രമണ സാധ്യതയെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നാറ്റോ സഖ്യത്തിൻ്റെ പ്രതിരോധക്കരുത്ത് പരീക്ഷിക്കുന്നതിനായി വരും വർഷങ്ങളിൽ ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെ പരിമിതമായ തോതിൽ ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്. അമേരിക്കൻ വാർത്താ ചാനലായ സിഎൻഎൻ ആണ് രഹസ്യാന്വേഷണ വിലയിരുത്തലുകളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.നാറ്റോയുടെ ഐക്യവും കൂട്ടായ പ്രതിരോധ സംവിധാനവും എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കുകയാണ് മോസ്കോയുടെ ലക്ഷ്യം. ഇതിനായി സൈബർ ആക്രമണം മുതൽ ചെറിയ രീതിയിലുള്ള സൈനിക നുഴഞ്ഞുകയറ്റം വരെയുള്ള വിവിധ മാർഗങ്ങൾ റഷ്യ പരീക്ഷിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു പൂർണ്ണ യുദ്ധത്തിലേക്ക് പോകാതെ തന്നെ, നാറ്റോ തങ്ങളുടെ ഒരു അംഗരാജ്യത്തെ സംരക്ഷിക്കാൻ എത്രത്തോളം മുന്നോട്ട് വരുമെന്ന് നോക്കുകയാണ് റഷ്യയുടെ തന്ത്രം.

നാറ്റോയുടെ ഭരണഘടനയിലെ അഞ്ചാം വകുപ്പ് അനുസരിച്ച്, ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായാണ് കണക്കാക്കുന്നത്. എന്നാൽ നാറ്റോയ്ക്ക് ശക്തമായ സൈനിക തിരിച്ചടി നൽകാൻ കഴിയാത്ത വിധം, ഈ നിയമ പരിധിയുടെ തൊട്ടുതാഴെ നിൽക്കുന്ന രീതിയിലുള്ള നീക്കങ്ങൾ നടത്താനാണ് പുടിൻ ശ്രമിക്കുന്നത്. ഇത് നാറ്റോ സഖ്യത്തിനുള്ളിലെ ഭിന്നതകൾ തുറന്നുകാട്ടാൻ കാരണമായേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങൾ ഭയപ്പെടുന്നു.

ബാൾട്ടിക് രാജ്യങ്ങളോ പോളണ്ടോ ആയിരിക്കും റഷ്യയുടെ പ്രധാന ലക്ഷ്യങ്ങളെന്നാണ് സൂചന. ആക്രമണം എപ്പോൾ, ഏത് രീതിയിലായിരിക്കുമെന്നതിൽ വ്യക്തതയില്ലെങ്കിലും, വരും വർഷങ്ങളിൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. യുക്രെയ്ൻ യുദ്ധത്തിൽ തനിക്ക് അനുകൂലമായ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പുടിൻ നാറ്റോ സഖ്യത്തിന് നേരെ തിരിയാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

യൂറോപ്പിൽ റഷ്യ വീണ്ടും സൈനിക ശക്തി സംഭരിക്കുന്നതിനെക്കുറിച്ച് മറ്റ് രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയ്നിലെ യുദ്ധം അവസാനിച്ച് ഒരു വർഷത്തിനുള്ളിൽ റഷ്യ നാറ്റോയ്ക്ക് നേരെ പരിമിതമായ യുദ്ധത്തിന് മുതിർന്നേക്കാമെന്ന് ഡച്ച് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ നാറ്റോയ്ക്ക് നേരെ റഷ്യ സൈനിക ബലം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടയും നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ തന്നെ റഷ്യൻ ഡ്രോണുകൾ നാറ്റോ രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിക്കുന്നതും അട്ടിമറി ശ്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ റഷ്യൻ ഡ്രോണുകൾ തകർന്നുവീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ജർമ്മനിയിലെ ഒരു വിമാനത്താവളത്തിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ അടങ്ങിയ ഡ്രോൺ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണെന്ന് യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാറ്റോ തങ്ങളുടെ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. എല്ലാത്തരം സാഹചര്യങ്ങളെയും നേരിടാൻ സഖ്യം സജ്ജമാണെന്ന് നാറ്റോ സൈനിക വക്താവ് മാർട്ടിൻ ഒഡൊണൽ അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം സഖ്യത്തിനുള്ളിൽ യാതൊരുവിധ വിള്ളലുകളും വീഴാതെ കാത്തുസൂക്ഷിക്കുക എന്നതുമാകും വരും ദിവസങ്ങളിൽ നാറ്റോ നേരിടുന്ന പ്രധാന വെല്ലുവിളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments