വാഷിംഗ്ടൺ : ഇറാനെതിരെ അതിശക്തമായ സൈനിക നീക്കത്തിന് മുതിർന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവസാന നിമിഷം പിന്മാറിയതിന് പിന്നിൽ യു.എസ് സൈനിക കമാൻഡറുടെ അതീവ രഹസ്യമായ ഉപദേശമെന്ന് റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ മുൻനിര യു.എസ് സൈനിക കമാൻഡറായ അഡ്മിറൽ ബ്രാഡ് കൂപ്പർ നൽകിയ തന്ത്രപരമായ വിലയിരുത്തലുകളാണ് ട്രംപിനെ പെട്ടെന്നുള്ള തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൻ്റെ രണ്ടാം ഘട്ടത്തിൽ, തുടർച്ചയായ 13 രാത്രികളിൽ യു.എസ് സൈന്യം ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ, ഇറാനിന് ഇതുവരെ “ആവശ്യത്തിന് വേദന ലഭിച്ചിട്ടില്ല” എന്നും ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ആക്രമണമാണ് താൻ ആലോചിക്കുന്നതെന്നും ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പെൻ്റഗൺ 14-ാം രാത്രിയിലേക്കുള്ള ആക്രമണ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത 24 മണിക്കൂറിനുള്ളിൽ ട്രംപ് നിലപാട് പൂർണ്ണമായി മാറ്റുകയും ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമമിടാൻ ഉത്തരവിടുകയുമായിരുന്നു.
സ്ട്രെയിറ്റ് ഓഫ് ഹോർമുസ് മേഖലയിൽ രണ്ടാഴ്ചയായി നടത്തിയ ആക്രമണങ്ങളിലൂടെ ഇറാൻ്റെ ആക്രമണ ശേഷി യു.എസ് ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാൽ നിലവിലെ വ്യോമാക്രമണങ്ങൾ അതിൻ്റെ പരമാവധി ഫലപ്രാപ്തിയിൽ എത്തിക്കഴിഞ്ഞതായും, ഇനി ലക്ഷ്യമിടാൻ കാര്യമായ സൈനിക കേന്ദ്രങ്ങൾ അവശേഷിക്കുന്നില്ലെന്നും അഡ്മിറൽ കൂപ്പർ വൈറ്റ് ഹൗസിനെ അറിയിച്ചു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ ബാക്കിയായ 20 ശതമാനം ലക്ഷ്യങ്ങൾ തകർക്കണമെങ്കിൽ ഒരു പൂർണ്ണ യുദ്ധത്തിലേക്ക് കടക്കേണ്ടി വരുമെന്നും, അതിന് തയ്യാറല്ലെങ്കിൽ ബോംബാക്രമണം തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനുപുറമേ, യു.എസിന്റെ പക്കലുള്ള വ്യോമപ്രതിരോധ മിസൈലുകളുടെ സ്റ്റോക്ക് അതിവേഗം കുറഞ്ഞു വരികയാണെന്ന് ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ട്രംപിന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണം തുടർന്നാൽ മിഡിൽ ഈസ്റ്റിലെ യു.എസ് സൈന്യത്തിൻ്റെയും സഖ്യകക്ഷികളുടെയും സുരക്ഷ അപകടത്തിലാകുമെന്ന ഈ വിലയിരുത്തലും ട്രംപിൻ്റെ മനംമാറ്റത്തിന് കാരണമായി.
നിലവിൽ ഇരുപക്ഷവും ആക്രമണങ്ങൾ നിർത്തിവെച്ചതോടെ മേഖലയിൽ താൽക്കാലിക ശാന്തത ദൃശ്യമാണ്. കപ്പൽ ഗതാഗതത്തിനായി സ്ട്രെയിറ്റ് ഓഫ് ഹോർമുസ് സുരക്ഷിതമായി തുറന്നു നൽകുന്നതിനായി ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാൻ ചർച്ചകൾ നടത്തുന്നുണ്ട്. ട്രംപ് സൈനിക സാധ്യതകൾ പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, നയതന്ത്ര ചർച്ചകൾക്കായി ഇപ്പോൾ കൂടുതൽ സമയം അനുവദിക്കുകയാണെന്ന് യു.എന്നിനായുള്ള യു.എസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി.
അതേസമയം, മേഖലയിലെ മൈനുകൾ നീക്കം ചെയ്യുന്നതിനായി ഒരു അന്താരാഷ്ട്ര സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് യു.എസും യുകെയും ചർച്ചകൾ നടത്തിവരികയാണ്.

