ന്യൂയോർക്ക് : തനിക്കെതിരെ അറസ്റ്റ് ഭീഷണി മുഴക്കിയ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി സമൂഹത്തിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വരാനിരിക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ താൻ ന്യൂയോർക്കിൽ എത്തുമെന്നും മേയറുടെ മുൻപത്തെ ഭീഷണികളിൽ ആശങ്കയില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി. എല്ലാ ന്യൂയോർക്കുകാരുടെയും മേയറാകേണ്ടയാൾ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച യുദ്ധക്കുറ്റ വാറൻ്റ് നടപ്പാക്കാൻ തൻ്റെ ഭരണകൂടത്തിന് സ്വതന്ത്രമായ നിയമപരമായ അധികാരമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മേയർ മംദാനി കഴിഞ്ഞ ദിവസം തൻ്റെ അറസ്റ്റ് പ്രസ്താവന തിരുത്തിയിരുന്നു. എന്നാൽ, നെതന്യാഹു ഒരു ‘യുദ്ധക്കുറ്റവാളി’ ആണെന്നും അദ്ദേഹത്തെ ന്യൂയോർക്കിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നുമുള്ള നിലപാടിൽ മേയർ ഉറച്ചുനിന്നു. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ മംദാനി ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
പലസ്തീൻ അനുകൂലിയായ മംദാനി, ഇസ്രായേലിൻ്റെ ഗസ്സയിലെ സൈനിക നടപടികൾക്കെതിരെയുള്ള ശക്തമായ നിലപാടുകളോടെയാണ് കഴിഞ്ഞ വർഷം മേയർ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ ചെയ്തതായാണ് ഐസിസി വാറൻ്റിൽ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ വ്യാജമാണെന്ന് ഇസ്രായേൽ ആവർത്തിക്കുന്നു.
ന്യൂയോർക്കിൽ അടുത്തിടെ ഒരു ജൂത വംശജനും ഏഷ്യൻ വംശജനും നേരെ നടന്ന വിദ്വേഷാക്രമണങ്ങളെ പരാമർശിച്ച നെതന്യാഹു, നഗരത്തിലെ ജൂതന്മാർ ഇപ്പോൾ വലിയ ഭയത്തിലാണ് ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ആരംഭിച്ച സൈനിക നടപടികളിൽ ഗാസയിൽ ഇതുവരെ 21,000 കുട്ടികൾ ഉൾപ്പെടെ 73,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

