സന (യെമന്‍): ഗള്‍ഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി സൗദി അറേബ്യന്‍ കപ്പലുകള്‍ക്ക് നേരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ച് യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതര്‍. മേഖലയിലെ ശാന്തത തകര്‍ക്കുന്ന ഈ പുതിയ നീക്കം ആഗോള എണ്ണ വിപണിയെയും വ്യാപാര മേഖലയെയും വന്‍ പ്രതിസന്ധിയിലേക്ക് തള്ളവിടുമെന്നാണ് വിലയിരുത്തല്‍.ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനമായ സനയില്‍ തിങ്കളാഴ്ച രാത്രി തടിച്ചുകൂടിയ നൂറുകണക്കിന് ഹൂതി അനുകൂലികള്‍ ഹര്‍ഷാരവങ്ങളോടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.ചെങ്കടലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ബാബ് അല്‍മന്ദബ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാന്റെ പ്രധാന സഖ്യകക്ഷികളിലൊന്നായ ഹൂതികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിയില്‍ ‘കണ്ണീരിന്റെ വാതില്‍’ എന്നറിയപ്പെടുന്ന ഈ ജലപാത, സൂയസ് കനാല്‍ വഴി യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ച്ചാലുകളിലൊന്നാണ്.ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് വെറും 29 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ പ്രദേശം മുന്‍പും ഹൂതികളുടെ നിരന്തര ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ആഗോള സമുദ്ര വ്യാപാരത്തിന്റെ 15 ശതമാനത്തോളവും കടന്നുപോകുന്നത് ബാബ് അല്‍മന്ദബ് വഴിയാണ്. മുന്‍പ് 2023 നും 2025 നും ഇടയില്‍ ഇവിടെയുണ്ടായ സംഘര്‍ഷങ്ങളും ഗതാഗത തടസ്സങ്ങളും മൂലം പ്രതിവര്‍ഷം ഏകദേശം 2,000 കോടി ഡോളറിന്റെ (20 ബില്യണ്‍ ഡോളര്‍) നഷ്ടമാണ് ആഗോള വിപണിയിലുണ്ടായത്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സൗദി അറേബ്യയുടെ സുപ്രധാന കയറ്റുമതി പാതയാണിത്. മുന്‍പ് യുദ്ധസമയത്ത് പോലും ഈ കടലിടുക്കിലൂടെയുള്ള ഗതാഗതം ഭാഗികമായി നടന്നിരുന്നുവെങ്കിലും, പുതിയ ഉപരോധ പ്രഖ്യാപനം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നത് എണ്ണവില കുത്തനെ ഉയരാനും ആഗോളതലത്തില്‍ വിലക്കയറ്റത്തിന് വഴിവെക്കുമെന്നും വിപണി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

