ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് സി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം അർധരാത്രിയിലും അതീവ നിയന്ത്രണാതീതമായി തുടരുന്നു. പോലീസ് ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയും പൊളിച്ചുനീക്കുകയും ചെയ്ത ജന്തർ മന്ദറിലെ സമരവേദി ബാരിക്കേഡുകൾ മറിച്ചിട്ട് പ്രതിഷേധക്കാർ വീണ്ടും കീഴടക്കി. മാർച്ചായെത്തിയ നൂറുകണക്കിന് പ്രവർത്തകരെ തടയാൻ പോലീസിന് സാധിച്ചില്ല. വേദിയിൽ വീണ്ടും കയറിയ സി.ജെ.പി പ്രവർത്തകർ രാത്രിയിലും സമരം പുനരാരംഭിച്ചതോടെ പോലീസ് നോക്കുകുത്തിയായി മാറുന്ന സാഹചര്യമാണ് ജന്തർ മന്ദറിലുള്ളത്.
സമരം അക്രമാസക്തമായതിനെ തുടർന്ന് ജൻപഥ് മെട്രോ സ്റ്റേഷന് മുന്നിൽ പോലീസ് ജീപ്പ് പ്രതിഷേധക്കാർ തള്ളിയിടുകയും മെട്രോ സ്റ്റേഷന് നേരെ ആക്രമണശ്രമം നടത്തുകയും ചെയ്തു. കൂടുതൽ പ്രവർത്തകർ എത്തുന്നത് തടയാൻ രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള അഞ്ച് പ്രധാന മെട്രോ സ്റ്റേഷനുകൾ ഡൽഹി മെട്രോ കോർപ്പറേഷൻ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. പാർലമെന്റിന് ഇരുന്നൂറ് മീറ്റർ അകലെ റൈസിന റോഡിലും സൻസദ് മാർഗിലും വെച്ച് പ്രതിഷേധക്കാരെ തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രവർത്തകർക്ക് നേരെ പോലീസ് ക്രൂരമായ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.
അതിനിടെ, സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ഇടതുപക്ഷ നേതാക്കൾ ജന്തർ മന്ദറിലെത്തി. സി.പി.ഐ.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി, എം.പിമാരായ കെ. രാധാകൃഷ്ണൻ, വി. ശിവദാസൻ എന്നിവരും സി.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി. രാജ, ആനി രാജ എന്നിവരുമാണ് സമരപന്തലിൽ എത്തിയത്. സമരം നേരിടാനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഡൽഹി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നിട്ടുണ്ട്.

