Tuesday, July 21, 2026
HomeAmericaഅമേരിക്കൻ സൈനികരുടെ മരണം: ഇറാനെതിരെ ആക്രമണം നടത്തി തന്നെ പ്രതികാരമെന്ന് ട്രംപ്

അമേരിക്കൻ സൈനികരുടെ മരണം: ഇറാനെതിരെ ആക്രമണം നടത്തി തന്നെ പ്രതികാരമെന്ന് ട്രംപ്

വാഷിങ്ടൺ: ജോർദാനിലും ഇറാഖിലുമായി കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ മരണത്തിന് പ്രതികാരമായാണ് ഇറാനെതിരെ പുതിയ ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളെ “അതിശക്തമായി” ആക്രമിച്ചെന്നും, കൊല്ലപ്പെട്ട മൂന്ന് സൈനികരുടെ സ്മരണയ്ക്കായാണ് നടപടി സ്വീകരിച്ചതെന്നും ട്രംപ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ ഇറാനെതിരെ തുടർച്ചയായ ഒൻപതാം രാത്രിയിലും പുതിയ വ്യോമാക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ആക്രമണത്തെ തുടർന്ന് ഇറാനിലെ വിവിധ നഗരങ്ങളിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൈനിക കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവ ലക്ഷ്യമിട്ടതെന്ന് അമേരിക്ക വ്യക്തമാക്കി.

അതേസമയം, സിറിയയിൽ “അപ്രതീക്ഷിത ആക്രമണം” നടത്തിയെന്നും ജോർദാനിലെ അഖാബ വിമാനത്താവളത്തിലുള്ള അമേരിക്കൻ സൈനിക വിമാനങ്ങളെയും ലക്ഷ്യമിട്ടെന്നും ഇറാൻ അവകാശപ്പെട്ടു. കുവൈത്ത് സൈന്യം ഇറാന്റെ ഡ്രോണുകൾ തകർത്തതായും അറിയിച്ചു. അമേരിക്കൻ ആക്രമണത്തിൽ തബ്രീസ്, ചാബഹാർ, കോനാറക്, ബന്ദർ മഹ്ഷഹർ, ബന്ദർ ഇമാം ഖൊമേനി എന്നിവ ഉൾപ്പെടെ നിരവധി നഗരങ്ങൾ ലക്ഷ്യമിട്ടതായി ഇറാനിലെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് എണ്ണക്കപ്പലുകൾ പൊട്ടിത്തെറിച്ചതായും ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ അവകാശവാദം യു.എസ്. സെൻട്രൽ കമാൻഡ് നിഷേധിച്ചു.അമേരിക്കൻ ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്കിലൂടെ എണ്ണയും പ്രകൃതിവാതകവും ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഗതാഗതം സുരക്ഷിതമാകില്ലെന്നും, അമേരിക്കയ്‌ക്കെതിരെ കൂടുതൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി.

ഇതിനിടെ, വാരാന്ത്യത്തിൽ വടക്കൻ ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികനും, ജോർദാനിലെ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. കാണാതായ മറ്റൊരു സൈനികന്റേതെന്ന് കരുതുന്ന മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായും തിരിച്ചറിയൽ നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

സംഘർഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രപരമായ പരിഹാരത്തിന് അമേരിക്ക ഇപ്പോഴും തയ്യാറാണെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. എന്നാൽ ഹോർമുസ് കടലിടുക്കിനെ സമ്മർദായുധമായി ഉപയോഗിക്കാൻ ഇറാനെ അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ മധ്യത്തിൽ കൈവരിച്ച വെടിനിർത്തൽ ധാരണ പ്രായോഗികമായി തകർന്നതോടെയാണ് ഇരു രാജ്യങ്ങളും വീണ്ടും ശക്തമായ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments