Tuesday, July 21, 2026
HomeNewsഅലോഷ്യസ് സേവ്യർ- മുഖ്യമന്ത്രി കൂടിക്കാഴ്ച: പ്ലീഡർ നിയമന ആക്ഷേപങ്ങൾ ചർച്ച ചെയ്തു

അലോഷ്യസ് സേവ്യർ- മുഖ്യമന്ത്രി കൂടിക്കാഴ്ച: പ്ലീഡർ നിയമന ആക്ഷേപങ്ങൾ ചർച്ച ചെയ്തു

തിരുവനന്തപുരം : ഗവൺമെന്‍റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സർക്കാർ-സംഘടന ഏറ്റുമുട്ടലിനൊടുവിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടു. തിങ്കളാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. പ്ലീഡർ നിയമനത്തിലെ കെ.എസ്.യുവിന്‍റെ ആക്ഷേപങ്ങൾ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിക്ക് മുന്നിൽ നിരത്തി. പട്ടികയിലുള്ള ജിയോണ ജെയിംസ് എസ്.എഫ്.ഐ പ്രവർത്തകയായിരുന്നെന്നും പ്ലീഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു ആവശ്യം.

പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കാൻ സൗകര്യമുണ്ടായിരിക്കെ അതിന് മുതിരാതെ പരസ്യപ്രതികരണവും അതുവഴി പൊതുമധ്യത്തിൽ ‘ഏറ്റുമുട്ടൽ പ്രതീതി’യും സൃഷ്ടിച്ചതിലെ അതൃപ്തി മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ പേരുകാർ പട്ടികയിൽ ഉൾപ്പെട്ട സാഹചര്യവും സതീശൻ വിശദീകരിച്ചു. തങ്ങളുടെ ബോധ്യത്തിലും അറിവിലുമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും ഇനി തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കൂടിക്കാഴ്ചക്ക് ശേഷം അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടൽ എന്നത് സമൂഹമാധ്യമ സൃഷ്ടിയാണെന്ന് വിശദീകരിച്ച അലോഷ്യസ് മുഖ്യമന്ത്രിയുമായി യാതൊരു ഏറ്റുമുട്ടലുമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ചത് കൃത്യമായ വെടിനിർത്തൽ പ്രഖ്യാപനമായി. മുഖ്യമന്ത്രി പഴയ കെ.എസ്.യുകാരനാണെന്നും ‘കെ.എസ്.യു സ്പിരിറ്റിൽ’ നിന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.

അതേ സമയം, ലോയേഴ്സ് കോൺഗ്രസിന്‍റെ നിർദേശംകൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി. എ.ബി.വി.പി പശ്ചാത്തലമുള്ളയാളെന്ന് ആക്ഷേപമുയർന്ന അഭിഭാഷകൻ, ഇപ്പോൾ ലോയേഴ്സ് കോൺഗ്രസ് അംഗമാണ്. ഇതിനിടെ, എസ്.എഫ്.ഐകാരിയെന്ന് കെ.എസ്.യു ആരോപിച്ച ജിയോണക്കുവേണ്ടി മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തത് താനാണെന്ന് ഏറ്റുപറഞ്ഞ് ഡീൻ കുര്യാക്കോസ് എം.പി രംഗത്തെത്തിയിരുന്നു. മുൻപ് ഏത് സംഘടനയിൽ പ്രവർത്തിച്ചു എന്നതിനേക്കാൾ ഇപ്പോൾ ഏത് സംഘടനയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് നോക്കിയത്. 2022 മുതൽ അവർ ലോയേഴ്സ് കോൺഗ്രസിൽ സജീവമാണെന്നാണ് ഡീനിന്‍റെ നിലപാട്. ഈ രണ്ട് കാര്യങ്ങളും ചൂണ്ടിക്കാട്ടി പ്ലീഡർ നിയമനത്തിൽ തനിക്ക് വീഴ്ചപറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

വിഷയത്തിൽ കെ.എസ്.യു നടത്തിയ അപ്രതീക്ഷിത പ്രതികരണങ്ങൾ ആഭ്യന്തര ഭിന്നതയായി മാറിയതോടെ കെ.പി.സി.സി നേതൃത്വം ഇടപെട്ടാണ് അനുനയത്തിന് വഴിയൊരുക്കിയത്. കെ.എസ്.യുവിന് പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും പറയേണ്ട രീതിയിലും പാലിക്കേണ്ട പരിധിയിലുമാകണമെന്ന് കെ.സി പക്ഷ നേതാക്കൾ പരസ്യ നിലപാടെടുത്തതോടെ ഏറ്റുമുട്ടൽ വഴി കെ.എസ്.യു ഉപേക്ഷിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments