Thursday, July 16, 2026
HomeNewsഓപ്പറേഷൻ തൂഫാന്റെ വിജയത്തിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് മോഹൻലാലിനൊപ്പം കൊച്ചിയിലേക്ക് ക്ഷണം

ഓപ്പറേഷൻ തൂഫാന്റെ വിജയത്തിനായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് മോഹൻലാലിനൊപ്പം കൊച്ചിയിലേക്ക് ക്ഷണം

ചെന്നൈ : കേരളത്തിന്റെ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ ചെന്നൈയിലെത്തി രമേശ് ചെന്നിത്തല വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച അരമണിക്കൂർ നീണ്ടെന്നും ഓപ്പറേഷൻ തൂഫാനിൽ തമിഴ്നാട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള–തമിഴ്നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡർ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയിയെ ചെന്നിത്തല ക്ഷണിച്ചു. പരിപാടിയിൽ പങ്കെടുക്കാനുള്ള താൽപര്യം വിജയ് അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. മോഹൻലാലും വിജയും ചേർന്ന് അഭിനയിച്ച ‘ജില്ല’ എന്ന സിനിമയുടെ പേരും വാർത്താസമ്മേളനത്തിൽ ചെന്നിത്തല പരാമർശിച്ചു.

നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കാൻ വിജയിക്ക് സാധിച്ചിരുന്നില്ല. എന്നാൽ, സാമൂഹിക പ്രസക്തിയുള്ള ഇത്തരം വിഷയങ്ങളിൽ വിജയിക്കുള്ള താൽപ്പര്യം കണക്കിലെടുക്കുമ്പോൾ കൊച്ചിയിലെ ഈ പരിപാടിയിൽ അദ്ദേഹം എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

തമിഴ്‌നാട്ടിൽ ലഹരിക്കെതിരെ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് വിജയി. ലഹരി ഉപേക്ഷിച്ച് കായികരംഗത്തേക്ക് തിരിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ചെന്നൈ മെറീന ബീച്ചിൽ നടന്ന ‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്’ എന്ന മാരത്തണിൽ വിജയ് പങ്കെടുത്തത് വലിയ ശ്രദ്ധ നേടിയിരുന്നു. ലഹരിയെ ഉപേക്ഷിച്ച് കായികക്ഷമതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഓപ്പറേഷൻ തൂഫാൻ ക്യാമ്പെയ്‌ന്റെ തുടക്കം മുതൽ തന്നെ മോഹൻലാൽ ഇതിന്റെ ഭാഗമാണ്. മോഹൻലാലിന്റെ ഐക്കോണിക് ചിത്രമായ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തമായ ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന സംഭാഷണം ഈ ക്യാമ്പെയ്‌ന്റെ പ്രധാന ഭാഗമാണ്. പിന്നീട് ലൂസിഫർ എന്ന ചിത്രത്തിലും ഈ ഡയലോഗ് ആവർത്തിക്കപ്പെട്ടിരുന്നു. ജില്ല എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച മോഹൻലാലും വിജയിയും ഈ ലഹരിവിരുദ്ധ വേദിയിൽ വീണ്ടും ഒന്നിക്കുന്നത് സിനിമാ ലോകത്തിനും വലിയ ആവേശം നൽകുന്നുണ്ട്. വിജയ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന് മോഹൻലാൽ നേരിട്ട് ആശംസകൾ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments