ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങള്‍ തുടരുമ്പോഴും രാജ്യം എപ്പോഴും യുദ്ധമുണ്ടായാല്‍ നേരിടാൻ സജ്ജമായിരിക്കണമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തിന്‍റെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടാൻ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധത്തിനും നയതന്ത്രത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇറാന്‍റെ പ്രതികരണം പുറത്തുവരുന്നത്.ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചർച്ചകളിലേക്ക് ഇറാൻ മടങ്ങിയെത്തിയില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ രാജ്യത്തെ ഊർജ്ജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍ അമേരിക്കയുടെ ഈ ഭീഷണിക്ക് വഴങ്ങാൻ ഇറാൻ തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവില്‍ അമേരിക്കയുമായി ചർച്ചകള്‍ നടത്തുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ വ്യക്തമാക്കി
ഇറാൻ ഇപ്പോള്‍ പൂർണ്ണമായും രാജ്യത്തിന്റെ പ്രതിരോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ തെക്കൻ മേഖലകളില്‍ അമേരിക്ക അടുത്തിടെ നടത്തിയ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസങ്ങളിലെ യുഎസ് ആക്രമണങ്ങളില്‍ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങള്‍ തുടരുമ്പോഴും നയതന്ത്ര ചർച്ചകളുടെ വാതിലുകള്‍ പൂർണ്ണമായി അടയ്ക്കരുതെന്നാണ് യുഎസുമായുള്ള ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സ്പീക്കർ ഖാലിബാഫിന്റെ നിലപാട്. പ്രതിരോധത്തിനൊപ്പം നയതന്ത്രവും ഒരേസമയം ഉപയോഗിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ താല്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു.

