Thursday, July 16, 2026
HomeNewsഇറാനിൽ പരക്കെ അമേരിക്കൻ വ്യോമാക്രമണം: കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിൽ മിസൈൽ-ഡ്രോൺ...

ഇറാനിൽ പരക്കെ അമേരിക്കൻ വ്യോമാക്രമണം: കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി തിരിച്ചടിച്ച് ഇറാൻ

വാഷിങ്ടൺ​/ തെഹ്റാൻ: ഇറാനെതിരെ തങ്ങളുടെ ഏറ്റവും പുതിയ വ്യോമാക്രമണ പരമ്പര പൂർത്തിയാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ പ്രധാനപ്പെട്ട കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയാണ് യു.എസ് സേന ലക്ഷ്യമിട്ടത്.

എന്നാൽ യു.എസ് ആക്രമണത്തിന് മറുപടിയായി കുവൈത്തിലെ സൈനിക താവളത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. തങ്ങളുടെ ‘നസ്ർ 2’ ദൗത്യത്തിന്റെ എട്ടാം ഘട്ടമായാണ് ഈ ആക്രമണം നടന്നതെന്നും, യു.എസ് സേനയുടെ സി-റാം റഡാറും സൈനികർ തമ്പടിച്ചിരുന്ന കേന്ദ്രവുമാണ് ലക്ഷ്യമിട്ടതെന്നും ഐ.ആർ.ജി.സി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ജോർഡനിലെ അസ്‌റഖ് വ്യോമതാവളത്തിൽ പ്രവർത്തിക്കുന്ന യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയും ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിയൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. യു.എസ് സൈന്യത്തിന്റെ വാർത്താവിനിമയ സംവിധാനങ്ങൾ, സ്ഥിരമായ റഡാർ സൈറ്റ്, ഇന്ധന സംഭരണ കേന്ദ്രങ്ങൾ എന്നിവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഫാർസ് വാർത്താ ഏജൻസിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കുന്നു. ഇറാനെതിരെ ആക്രമണം നടത്താൻ പശ്ചിമേഷ്യയിലെ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച ഇറാൻ, ഇവിടങ്ങളിൽ നിന്ന് യു.എസ് സേനയെ പൂർണമായും നീക്കം ചെയ്യണമെന്ന് അവിടുത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.

തങ്ങളുടെ ‘സായ്ഖേ’ ഓപ്പറേഷന്റെ ഒമ്പതാം ഘട്ടമായാണ് ഈ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യം അറിയിച്ചു. അടുത്തിടെ ഇറാനിൽ നടന്ന ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് തങ്ങൾ ഈ സൈനിക നടപടി സ്വീകരിച്ചത്. ഇറാൻശാറിലെ ബാംപൂർ ബാരക്കുകളിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ഏഴ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയായാണ് ഈ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.

നിലവിൽ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഹുർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ഒരു എണ്ണക്കപ്പൽ ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ച് യു.എസ് സേന തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെ, ഖ്വഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, ചബഹാർ എന്നിവിടങ്ങളിൽ യു.എസ് വീണ്ടും വ്യോമാക്രമണങ്ങൾ നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനെത്തുടർന്ന് ഗൾഫ് മേഖലയിലുടനീളം ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്. ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങുകയും, കുവൈത്തിൽ ഇറാൻ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments