ടെഹ്‌റാൻ : ഹുർമുസ് കടലിടുക്കിലെ സുരക്ഷയുടെ പേരിൽ ചരക്ക് നീക്കത്തിന് 20 ശതമാനം നികുതി ഈടാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ. കടലിടുക്കിന്റെ യഥാർഥ ‘രക്ഷകർ’ തങ്ങളാണെന്നും, അമേരിക്കയല്ല ഇറാനാണ് ഈ ഉത്തരവാദിത്തം കാലങ്ങളായി നിർവഹിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുന്നവർക്ക് അതിനുള്ള പ്രതിഫലം നൽകേണ്ടതുണ്ട് എന്ന ട്രംപിന്റെ വാദത്തെ അറാഗ്ചി ഭാഗികമായി പിന്തുണച്ചു. എന്നാൽ, ഈ സേവനം എക്കാലത്തും ചെയ്തുവരുന്നത് ഇറാനാണെന്നും അത് തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“സുരക്ഷിത പാതയൊരുക്കുന്നവർക്ക് പ്രതിഫലം നൽകണം എന്നത് ശരിയായ നിലപാടാണ്. എന്നാൽ ഇറാനാണ് എക്കാലത്തും ഹുർമുസിന്‍റെ കാവൽക്കാർ, ഇനി അങ്ങോട്ടും അത് തുടരും. ട്രംപ് പറയുന്ന 20 ശതമാനം നികുതി എന്നത് തീർത്തും അമിതമാണ്. ഞങ്ങൾ ഇതിന് ന്യായമായ നിരക്കേ ഈടാക്കൂ,” അറാഗ്ചി പരിഹാസത്തോടെ പ്രതികരിച്ചു.
ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നുവെന്നും, ഇനി മുതൽ തങ്ങളാണ് ഇതിന്റെ ‘രക്ഷകർ’ എന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഇറാനുമേൽ നാവിക ഉപരോധം പുനഃസ്ഥാപിക്കുമെന്നും, ചരക്ക് കപ്പലുകളിൽ നിന്ന് 20 ശതമാനം സുരക്ഷാ നികുതി ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയുടെ ഈ നീക്കം പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെയാണ് പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. അമേരിക്കൻ താവളങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളും, തുടർന്നുണ്ടാകുന്ന പ്രത്യാക്രമണങ്ങളും മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനിടെ, ഹുർമുസ് കടലിടുക്കിൽ വെച്ച് യു.എ.ഇയുടെ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

