ദോഹ: ഖത്തറിന്റെ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി (74) അന്തരിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പിതാവാണ്.ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യമെന്ന് ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി. തുടർന്ന് നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അധികാരം കൈമാറി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അമീരി ദിവാൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ആധുനിക ഖത്തറിന്‍റെ പിതാവും പ്രഗത്ഭ ഭരണാധികാരിയുമായിരുന്നു. ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ 18 വർഷത്തെ ഭരണകാലത്താണ് ഖത്തർ സാമ്പത്തിക ശക്തിയായി വളരുന്നത്. ഗൾഫിലെ ചെറിയ രാജ്യമായ ഖത്തറിനെ ആഗോള തലത്തിൽ തന്നെ നിർണായക സ്വാധീനമുള്ള രാജ്യമാക്കി മാറ്റി. സാമ്പത്തിക-ഊർജ മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കിയതിനൊപ്പം രാജ്യത്തെ ആധുനികവത്കരിക്കാനും നേതൃത്വം നൽകി.
പിതാവ് അമീറിന്‍റെ ഭരണ കാലത്താണ് ആഗോള മധ്യസ്ഥ ശ്രമങ്ങളുടെയും നയതന്ത്ര പരിഹാരങ്ങളുടെയും നേതൃ സ്ഥലത്തേക്ക് ഖത്തർ ഉയർന്നു വന്നത്. ഖത്തറിനെ ലോകം അംഗീകരിക്കുന്ന ഒരു പ്രമുഖ നയതന്ത്ര മധ്യസ്ഥ രാജ്യമായി മാറ്റിയെടുത്തത് അദ്ദേഹത്തിന്റെ ധീരവും ദീർഘവീക്ഷണമുള്ളതുമായ വിദേശനയങ്ങളായിരുന്നു. സാമൂഹിക, സാംസ്കാരിക രംഗത്തും രാജ്യം വലിയ മുന്നേറ്റം കൈവരിച്ചു.
2006ലെ ഏഷ്യൻ ഗെയിംസ്, 2012ലെ യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി, ദോഹ കരാർ, ഫതഹ്-ഹമാസ് ദോഹ കരാർ, 2022ലെ ഫിഫ ലോകകപ്പ് എന്നിവ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഭരണകാലത്തെ നേട്ടങ്ങളാണ്.

