ജെഫേഴ്സൺ സിറ്റി : അമേരിക്കയിലെ മിസോറി സംസ്ഥാനത്തുണ്ടായ അതിശക്തമായ പ്രളയത്തിൽപ്പെട്ട് ഒറ്റപ്പെട്ടുപോയ 200-ലധികം കുട്ടികളെയും ക്യാമ്പ് ജീവനക്കാരെയും നാഷണൽ ഗാർഡ് സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്തു. മിസോറിയിലെ ലെസ്റ്റർവില്ലിലുള്ള ചരിത്രപ്രസിദ്ധമായ കാമ്പ് ടൗം സോക്ക് എന്ന സമ്മർ കാമ്പിലാണ് കുട്ടികൾ കുടുങ്ങിയത്.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങിയ റെക്കോർഡ് മഴയാണ് മേഖലയെ പ്രളയക്കടലാക്കിയത്. പലയിടങ്ങളിലും 6 മുതൽ 12 ഇഞ്ച് വരെ (ഒരു അടിയോളം) മഴയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതിനെ ‘ആയിരം വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വ പ്രതിഭാസം’ എന്നാണ് വിശേഷിപ്പിച്ചത്.
തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് മേഖലയിലെ ബ്ലാക്ക് റിവർ കരകവിഞ്ഞൊഴുകുകയും കാമ്പിലേക്കുള്ള റോഡുകൾ പൂർണ്ണമായി തകരുകയും ചെയ്തു. ഇതോടെ കാമ്പിലുണ്ടായിരുന്ന 8 മുതൽ 16 വയസ്സുവരെയുള്ള 168 കുട്ടികളും 60-ഓളം കൗൺസിലർമാരും ജീവനക്കാരും പുറംലോകവുമായി ബന്ധമില്ലാതെ പൂർണ്ണ ഒറ്റപ്പെട്ടു. സ്ഥിതിഗതികൾ ഗുരുതരമായതിനെത്തുടർന്ന് മിസോറി ഗൺവർ മൈക്ക് കെഹോ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും യുഎസ് നാഷണൽ ഗാർഡിൻ്റെ സഹായം തേടുകയും ചെയ്തു. തുടർന്ന് നാഷണൽ ഗാർഡിൻ്റെ 8 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ രംഗത്തിറക്കി കുട്ടികളെയും ജീവനക്കാരെയും ബാച്ചുകളായി എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
രക്ഷപ്പെടുത്തിയ കുട്ടികളെ സമീപത്തെ ആർക്കേഡിയ വാലി എലിമെൻ്ററി സ്കൂളിൽ സജ്ജീകരിച്ച താൽക്കാലിക ക്യാമ്പിൽ എത്തിക്കുകയും, പിന്നീട് സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. കുട്ടികളും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് കാമ്പ് അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്.
മിസോറിയിലുടനീളം മുന്നൂറ്റമ്പതിലധികം പേരെ പ്രളയത്തിൽ നിന്ന് വിവിധ ഏജൻസികൾ രക്ഷപ്പെടുത്തി. ക്രോഫോർഡ് കൗണ്ടിയിൽ ശക്തമായ വെള്ളപ്പാച്ചിലിൽ വീട് തകർന്ന് ഒഴുകിപ്പോയ ഫെയ്ത് ഗ്രിഗറി എന്ന സ്ത്രീ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകരുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ ഇനിയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിക്കരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഗവർണർ നിർദ്ദേശം നൽകി.

