വാഷിംഗ്ടൺ : പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ശക്തമായ എതിർപ്പും വിസമ്മതവും മറികടന്ന് അമേരിക്കയിൽ ഇരുപാർട്ടികളുടെയും പിന്തുണയോടെയുള്ള ചരിത്രപ്രധാനമായ ഭവന നിർമ്മാണ ബിൽ നിയമമായി. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ’21st Century Road to Housing Act’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭവന നിർമ്മാണ നിയമം) ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. ബില്ലിൽ ഒപ്പുവെക്കില്ലെന്ന ട്രംപിൻ്റെ നിലപാടിനെ മറികടന്ന് നിയമം പാസായതിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ പ്രമുഖ സെനറ്റർമാർ ആഹ്ലാദം പ്രകടിപ്പിച്ചു.
വോട്ടിംഗ് പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവന്ന ‘സേവ് അമേരിക്ക ആക്റ്റ്’ സെനറ്റ് പരിഗണിക്കാതിരുന്നതിനാലാണ് ഭവന നിർമ്മാണ ബില്ലിൽ ഒപ്പിടാൻ ട്രംപ് വിസമ്മതിച്ചത്. വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ രേഖകളും നിർബന്ധമാക്കുന്നതായിരുന്നു ട്രംപിൻ്റെ വോട്ടിംഗ് ബിൽ. ഇതിലുള്ള പ്രതിഷേധ സൂചകമായാണ് താൻ ഭവന നിർമ്മാണ ബില്ലിൽ ഒപ്പുവെക്കാത്തതെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, അമേരിക്കൻ ഭരണഘടനയനുസരിച്ച് കോൺഗ്രസ് പാസാക്കി സമർപ്പിക്കുന്ന ബില്ലിൽ 10 ദിവസത്തിനകം പ്രസിഡൻ്റ് ഒപ്പുവെക്കുകയോ വീറ്റോ (തള്ളിക്കളയുക) ചെയ്യുകയോ വേണം. ഇതിൽ രണ്ടുമല്ലാതെ 10 ദിവസത്തെ സമയപരിധി കഴിഞ്ഞതോടെ ബിൽ സ്വയം നിയമമായി മാറുകയായിരുന്നു. രാജ്യത്തെ ഭവനക്ഷാമം പരിഹരിക്കുക, സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വീടുകൾ ലഭ്യമാക്കുക എന്നിവയാണ് പുതിയ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. ഇതിനായി വീട് നിർമ്മാണ മേഖലയിലെ കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. കൂടാതെ, വൻകിട വാൾസ്ട്രീറ്റ് നിക്ഷേപകരും കമ്പനികളും കൂട്ടത്തോടെ വീടുകൾ വാങ്ങി വിപണി നിയന്ത്രിക്കുന്നതിനും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനും പുതിയ നിയമം തടയിടും.
കഴിഞ്ഞ മാസം സെനറ്റിൽ 5-നെതിരെ 85 വോട്ടുകൾക്കും, ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ 32-നെതിരെ 358 വോട്ടുകൾക്കും, അതായത് പ്രസിഡൻ്റിൻ്റെ വീറ്റോ അധികാരം പോലും മറികടക്കാൻ ആവശ്യമായ വൻ ഭൂരിപക്ഷത്തോടെയാണ് ഇരുസഭകളും ഈ ബിൽ പാസാക്കിയിരുന്നത്.
പുതിയ നിയമം സാധാരണക്കാരൻ്റെ “അമേരിക്കൻ സ്വപ്നത്തെ” യാഥാർത്ഥ്യമാക്കുമെന്ന് ബില്ലിന് നേതൃത്വം നൽകിയ സെനറ്റ് ബാങ്കിംഗ് കമ്മിറ്റി ചെയർമാനും റിപ്പബ്ലിക്കൻ സെനറ്ററുമായ ടിം സ്കോട്ട് പറഞ്ഞു. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ എന്തൊക്കെ നേടിയെടുക്കാൻ കഴിയുമെന്നതിനൊരു നല്ല ഉദാഹരണമാണിതെന്ന് റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് റൗണ്ട്സ് കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിൻ്റെ നടപടിയെ ഡെമോക്രാറ്റുകൾ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ കുടുംബങ്ങളുടെ ചെലവ് കുറയ്ക്കുന്നതിൽ ട്രംപിന് താല്പര്യമില്ലാത്തതിനാലാണ് അദ്ദേഹം ഒപ്പിടാതിരുന്നതെന്ന് സെനറ്റർ എലിസബത്ത് വാറൻ കുറ്റപ്പെടുത്തി. ട്രംപിൻ്റെ കടുംപിടുത്തം “കുട്ടിക്കളി” ആണെന്ന് സെനറ്റർ കാതറിൻ കോർട്ടെസ് മാസ്റ്റോ വിശേഷിപ്പിച്ചു. വിഷയത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

