Saturday, July 11, 2026
HomeAmericaഅമേരിക്കയ്ക്ക് ഭീഷണിയായ 'തീവ്ര ഇടതുപക്ഷ ഭീകരത’: ചർച്ചകൾക്കായി ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് അമേരിക്കൻ...

അമേരിക്കയ്ക്ക് ഭീഷണിയായ ‘തീവ്ര ഇടതുപക്ഷ ഭീകരത’: ചർച്ചകൾക്കായി ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് അമേരിക്കൻ ഉച്ചകോടിയിലേക്ക് ക്ഷണം

വാഷിങ്ടൺ: രാജ്യാന്തര തലത്തിൽ വീണ്ടും ശക്തിപ്പെടുന്നതായി അമേരിക്ക വിശേഷിപ്പിക്കുന്ന “തീവ്ര ഇടതുപക്ഷ ഭീകരത” നേരിടുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയുൾപ്പെടെ 60-ലേറെ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് അമേരിക്ക. ജൂലൈ 16-ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന യോഗത്തിലേക്കാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ, ആഭ്യന്തര മന്ത്രിമാരെ ക്ഷണിച്ചതെന്ന് ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. ഇന്ത്യ, ഇൻഡോനേഷ്യ, സിംഗപ്പൂർ, ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങൾ, ലാറ്റിൻ അമേരിക്കയിലെ പ്രധാന രാജ്യങ്ങൾ എന്നിവ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം അമേരിക്കൻ ഭരണകൂടത്തിനകത്തും സഖ്യരാജ്യങ്ങൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഭീകരവിരുദ്ധ നിയമങ്ങളും അധികാരങ്ങളും രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥരും യൂറോപ്യൻ നയതന്ത്രജ്ഞരും സ്വതന്ത്ര വിദഗ്ധരും മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.ഇടതുപക്ഷ തീവ്രവാദികളെന്ന് ഭരണകൂടം വിശേഷിപ്പിക്കുന്ന പ്രവർത്തകർക്കെതിരെ ശക്തമായ ഭീകരവിരുദ്ധ നിയമങ്ങൾ പ്രയോഗിക്കാനുള്ള സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് ചില ഉദ്യോഗസ്ഥരുടെ ആശങ്ക. ഇത്തരമൊരു നടപടി ഭാവിയിൽ യാഥാസ്ഥിതിക സംഘടനകൾക്കെതിരെയും ഉപയോഗിക്കപ്പെടുന്ന ഒരു മാതൃകയാകാമെന്നും അവർ ചൂണ്ടിക്കാട്ടി.”ഭാവിയിൽ മറ്റൊരു ഭരണകൂടം ഇതേ നിയമങ്ങൾ യാഥാസ്ഥിതിക വിഭാഗങ്ങൾക്കെതിരെയും ഉപയോഗിച്ചേക്കാം,” എന്ന് ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. നീതിന്യായ വകുപ്പിലും വൈറ്റ് ഹൗസ് കൗൺസൽ ഓഫീസിലും സമാന ആശങ്കകൾ ഉയർന്നതിനെ തുടർന്ന് ചില ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു

അതേസമയം, ഫാസിസത്തിനെതിരെ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത പ്രസ്ഥാനമായ ആന്റിഫയ്ക്കെതിരെ ട്രംപ് ഭരണകൂടം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ ഉച്ചകോടി നടക്കുന്നത്. 2025-ൽ ആന്റിഫയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ട്രംപ്, അതിനെ “അപകടകരമായ തീവ്ര ഇടതുപക്ഷ പ്രസ്ഥാനം” എന്നാണ് വിശേഷിപ്പിച്ചത്. പ്രസ്ഥാനത്തിന് ധനസഹായം നൽകുന്ന വ്യക്തികളെയും സംഘടനകളെയും അന്വേഷിക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു. ആന്റിഫയ്ക്ക് ഔദ്യോഗിക നേതൃത്വമോ കേന്ദ്രീകൃത സംഘടനാ സംവിധാനമോ ഇല്ലെന്നും, ഫാസിസത്തിനും വർഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ പ്രവർത്തിക്കുന്ന വിവിധ കൂട്ടായ്മകളുടെ ശൃംഖലയാണിതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.പ്രതിഷേധങ്ങൾക്കിടെ ചില പ്രവർത്തകർ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ആന്റിഫ ഒരു ഏകീകൃത സംഘടനയല്ല, മറിച്ച് ഒരു പ്രസ്ഥാനമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയ്ക്ക് പുറത്തും നടപടികൾ വ്യാപിപ്പിച്ച ട്രംപ് ഭരണകൂടം ജർമനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലെ ആന്റിഫയുമായി ബന്ധപ്പെട്ട മൂന്ന് സംഘടനകളെയും ആഗോള ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments