Friday, July 10, 2026
HomeAmericaചാർളി കിർക്ക് വധക്കേസ്: കുറ്റസമ്മതം നടത്തി പ്രതി ടൈലർ റോബിൻസൺ

ചാർളി കിർക്ക് വധക്കേസ്: കുറ്റസമ്മതം നടത്തി പ്രതി ടൈലർ റോബിൻസൺ

യൂട്ടാ: അമേരിക്കയിലെ പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ പ്രവർത്തകനും ഡോണൾഡ് ട്രംപിൻ്റെ വിശ്വസ്തനുമായ ചാർളി കിർക്കിനെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയുടെ നിർണായക കുറ്റസമ്മതം പുറത്ത്. കൊലപാതകത്തിന് ശേഷം പ്രതിയായ ടൈലർ റോബിൻസൺ (23) റൂംമേറ്റിനോട് കുറ്റം സമ്മതിക്കുകയും ചെയ്തതോർത്ത് ഖേദിക്കുകയും ചെയ്തതായി യൂട്ടാ കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൻ്റെ പ്രിലിമിനറി ഹിയറിംഗിൻ്റെ നാലാം ദിവസമാണ് നാടകീയമായ ഈ വിവരങ്ങൾ പുറത്തുവന്നത്.

2025 സെപ്റ്റംബർ 10-നാണ് യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിൽ വെച്ച് ചാർളി കിർക്ക് കഴുത്തിന് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കേസിൽ ടൈലർ റോബിൻസൺ നിലവിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കടുത്ത കൊലപാതക കുറ്റങ്ങളാണ് നേരിടുന്നത്.പ്രതിയുടെ മുൻ റൂംമേറ്റും പങ്കാളിയുമായ ലാൻസ് ട്വിഗ്സിനെ പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്ന വീഡിയോയും ഇരുവരും തമ്മിലുള്ള ഫോൺ സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കി. കൊലപാതകം കഴിഞ്ഞ് പ്രതി റൂംമേറ്റിന് അയച്ച സന്ദേശത്തിലാണ് കുറ്റസമ്മതമുള്ളത്.

”നീയാണോ ഇത് ചെയ്തത്?” എന്ന് ട്വിഗ്സ് ചോദിച്ചപ്പോൾ, “അതേ, ഞാൻ തന്നെയാണ്, എന്നോട് ക്ഷമിക്കണം” എന്ന് റോബിൻസൺ മറുപടി നൽകി. എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന്, “അയാളുടെ വെറുപ്പ് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചില വെറുപ്പുകൾ ചർച്ച ചെയ്ത് തീർക്കാൻ കഴിയില്ല,” എന്നായിരുന്നു പ്രതിയുടെ മറുപടി. കൂടാതെ, തൻ്റെ റൂംമേറ്റിനായി എഴുതിവെച്ച കത്തിൽ, “ചാർളി കിർക്കിനെ വധിക്കാൻ എനിക്ക് അവസരം ലഭിച്ചു, ഞാൻ അത് ഉപയോഗിച്ചു. ഇത് ചെയ്യേണ്ടി വരാത്ത ഒരു ലോകത്തിലായിരുന്നു നമ്മൾ ജീവിച്ചിരുന്നതെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്നും പ്രതി കുറിച്ചിരുന്നു.

കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പിലാക്കിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. വേട്ടയാടാൻ പോകുന്നു എന്ന വ്യാജേന വെടിയുണ്ടകളിൽ പേര് കൊത്താനായി റോബിൻസൺ മാസങ്ങൾക്ക് മുമ്പ് ഒരു കൊത്തുപണി ഉപകരണം വാങ്ങിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ബോൾട്ട്-ആക്ഷൻ റൈഫിളും, വിദ്വേഷ സന്ദേശങ്ങൾ കൊത്തിവെച്ച വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകളിൽ “ഫാസിസ്റ്റ്! പിടിച്ചോ!” തുടങ്ങിയ സന്ദേശങ്ങൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു.

യൂണിവേഴ്സിറ്റി കാമ്പസിൽ പ്രസംഗിച്ചുകൊണ്ടിരുന്ന 31 കാരനായ ചാർളി കിർക്കിനെ ഒളിഞ്ഞിരുന്നാണ് പ്രതി വെടിവെച്ചത്. രണ്ട് കുട്ടികളുടെ പിതാവായ കിർക്ക്, അമേരിക്കയിലെ പ്രശസ്തമായ ‘ടേണിംഗ് പോയിൻ്റ് യുഎസ്എ’ എന്ന വലതുപക്ഷ യുവജന സംഘടനയുടെ സ്ഥാപകനാണ്.കൊലപാതകത്തിന് ശേഷം കാമ്പസിന് സമീപമുള്ള കാട്ടിൽ റൈഫിൾ ഒളിപ്പിച്ചുവെച്ച് പൊലീസിനെ നിരീക്ഷിച്ച് കാത്തിരിക്കുകയാണെന്നും, തെളിവുകളൊന്നും ബാക്കി വെച്ചിട്ടില്ലെന്നും റോബിൻസൺ റൂംമേറ്റിന് സന്ദേശമയച്ചിരുന്നു. തുടർന്ന് ഒറെമിൽ നിന്ന് 320 കിലോമീറ്റർ അകലെയുള്ള സെൻ്റ് ജോർജിലെ അപ്പാർട്ട്മെൻ്റിലേക്ക് പ്രതി മടങ്ങുകയായിരുന്നു.

കേസിൽ പ്രതിക്കെതിരെ വിചാരണ ആരംഭിക്കാൻ ആവശ്യമായ തെളിവുകളുണ്ടോ എന്ന് കോടതി പരിശോധിച്ചുവരികയാണ്. അന്വേഷണവുമായി സഹകരിച്ചതിനെത്തുടർന്ന് റൂംമേറ്റായ ട്വിഗ്സിന് കേസിൽ നിന്ന് നിയമപരമായ പരിരക്ഷ നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments