Thursday, July 9, 2026
HomeNewsഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കിടയിലും യുഎസ് ആക്രമണം: റെയിൽ ഗതാഗതം നിർത്തിവച്ചു

ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കിടയിലും യുഎസ് ആക്രമണം: റെയിൽ ഗതാഗതം നിർത്തിവച്ചു

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കായി രാജ്യം തയ്യാറെടുക്കുന്നതിനിടെ, തെഹ്‌റാൻ-മശ്‌ഹദ് റെയിൽവേ ഗതാഗതം നിർത്തിവെച്ചു. അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് റെയിൽവേ സർവീസ് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ അന്ത്യവിശ്രമം നടക്കുന്ന പുണ്യനഗരമായ മശ്ഹദിലേക്കുള്ള പ്രധാന പാതയിലാണ് ആക്രമണം ഉണ്ടായത്. യു.എസ്-ഇസ്രായേൽ സഖ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാനിയൻ റെയിൽവേ അധികൃതർ ആരോപിച്ചു. തകർന്ന പാതകൾ നന്നാക്കാനായി വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, മശ്ഹദിലേക്ക് പോകേണ്ട യാത്രക്കാർക്കായി റോഡ് മാർഗ്ഗം ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

2026 ഫെബ്രുവരി 28നാണ് ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നര പതിറ്റാണ്ടിലേറെയായി ഇറാനെ നയിച്ച ഖാംനഈയുടെ മരണം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്. ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിൽ ഖാംനഈക്കൊപ്പം മകളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഖാംനഈയുടെ ഭാര്യ ചികിത്സക്കിടെയാണ് മരണപ്പെട്ടത്. ഖാംനഈയുടെ മരണശേഷം മകൻ മുജ്തബ ഖാംനഈയെ പുതിയ നേതാവായി നിയമിച്ചു. ഫെബ്രുവരി മുതൽ ഇറാനിൽ നടക്കുന്ന സംഘർഷങ്ങൾ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങളിൽ ഇറാൻ തിരിച്ചടി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ ചൊല്ലിയുള്ള തർക്കങ്ങളും സൈനിക നടപടികൾക്ക് ആക്കം കൂട്ടി. അതിനിടെ, ഖാംനഈയുടെ ഭൗതികദേഹം ഇറാഖിൽ നിന്നും ഇറാനിലേക്കെത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തെഹ്‌റാനിൽ ആരംഭിച്ച വിലാപയാത്ര കോം നഗരം പിന്നിട്ടാണ് ഇറാഖിലെത്തിയത്. കർബലയിലെ ചടങ്ങുകൾക്ക് ശേഷമാണ് മൃതദേഹം ഇറാനിലേക്ക് തിരികെ കൊണ്ടു വന്നത്. ഒരാഴ്ച നീണ്ടുനിന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം ഖാംനഈയുടെ ജന്മനാടായ മശ്ഹദിൽ വെച്ച് ഇന്ന് മയ്യത്ത് ഖബറടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments