ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വമ്പൻ കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി 2026 ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ന്യൂയോർക്ക്. ചരിത്രത്തിലാദ്യമായി സൂപ്പർ ബൗൾ മാതൃകയിൽ നടത്തുന്ന ഹാഫ് ടൈം ഷോയിലേക്ക് കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബർ കൂടി എത്തുന്നതോടെ ഫൈനൽ പോരാട്ടത്തിൻ്റെ ആവേശം ഇരട്ടിക്കുകയാണ്. ജൂലൈ 19-ന് നടക്കുന്ന കലാശപ്പോരിലെ 11 മിനിറ്റ് നീളുന്ന ഈ സംഗീത വിരുന്നിൽ മഡോണ, ഷക്കീറ, പ്രശസ്ത കെ-പോപ്പ് ബാൻഡ് ബിടിഎസ് എന്നിവർക്കൊപ്പമായിരിക്കും ബീബർ വേദി പങ്കിടുക.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സംഗീത പര്യടനങ്ങൾ നിർത്തിവെച്ചിരുന്ന 32-കാരനായ ജസ്റ്റിൻ ബീബർ, കഴിഞ്ഞ ഏപ്രിലിൽ കൊച്ചെല്ല ഫെസ്റ്റിവലിലൂടെയാണ് വേദിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. “മറ്റൊന്നിനും സാധിക്കാത്ത വിധത്തിൽ ലോകത്തെ ഒന്നിച്ചുചേർക്കാൻ ഫിഫ ലോകകപ്പിന് കഴിയും,” എന്ന് ബീബർ ഈ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു. കോൾഡ്‌പ്ലേയുടെ ക്രിസ് മാർട്ടിൻ ക്യൂറേറ്റ് ചെയ്യുന്ന ഈ ഷോ, ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 100 ദശലക്ഷം ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഫിഫ ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫണ്ടിന് വേണ്ടിയാണ് സംഘടിപ്പിക്കുന്നത്.
ടൂർണമെൻ്റിൻ്റെ ഉദ്ഘാടന വേദിയിൽ തരംഗമായ ഷക്കീറയും നൈജീരിയൻ താരം ബർണ ബോയും ഈ ഷോയിലൂടെ വീണ്ടും ഒന്നിക്കും. ഇവരുടെ ‘ദായ് ദായ്’ (Dai Dai) എന്ന ഗാനം ഇതിനകം തന്നെ ആഗോള ചാർട്ടുകളിൽ ഒന്നാമതാണ്. കൂടാതെ ഗുസ്താവോ ദുദമേൽ, കോൾഡ്‌പ്ലെയ്‌ക്കൊപ്പം പിഎസ്22 കോറസ്, സെസമി സ്ട്രീറ്റ് മപ്പറ്റുകൾ എന്നിവരും ഈ ദൃശ്യവിരുന്നിൻ്റെ ഭാഗമാകും.
അതേസമയം, അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് ആതിഥേയ രാജ്യങ്ങളും ടൂർണമെൻ്റിൽ നിന്ന് പുറത്തായതോടെ അവശേഷിക്കുന്ന എട്ട് ടീമുകൾ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ വ്യാഴാഴ്ച പുനരാരംഭിക്കും. ബോസ്റ്റണിൽ നടക്കുന്ന ആദ്യ ക്വാർട്ടറിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. വെള്ളിയാഴ്ച ലോസ് ആഞ്ചലസിൽ സ്പെയിൻ – ബെൽജിയം മത്സരവും, ശനിയാഴ്ച നോർവേ – ഇംഗ്ലണ്ട് മത്സരവും നടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ അർജൻ്റീന ശനിയാഴ്ച കാൻസാസ് സിറ്റിയിൽ സ്വിറ്റ്‌സർലൻഡിനെ നേരിടും.
ടൂർണമെൻ്റിൽ 8 ഗോളുകളുമായി അർജൻ്റീനയുടെ ലയണൽ മെസ്സിയാണ് നിലവിൽ ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുള്ളത്. 7 ഗോളുകളുമായി ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയും നോർവേയുടെ എർലിങ് ഹാലണ്ടും തൊട്ടുപിന്നാലെയുണ്ട്. ഇംഗ്ലണ്ടിൻ്റെ ഹാരി കെയ്ൻ 6 ഗോളുകളുമായി നാലാം സ്ഥാനത്താണ്.

