Wednesday, July 8, 2026
HomeNewsതിരക്കൊഴിഞ്ഞ് അയോധ്യ: സംഭാവന കൊള്ളയിലും കനത്ത ചൂടിലും ചുട്ടുപൊള്ളി നഗരം

തിരക്കൊഴിഞ്ഞ് അയോധ്യ: സംഭാവന കൊള്ളയിലും കനത്ത ചൂടിലും ചുട്ടുപൊള്ളി നഗരം

അയോധ്യ : സംഭാവനക്കൊള്ളയിലും തുടർന്നു ഭക്തരുടെ വരവുകുറഞ്ഞതിലും കടുത്ത നിരാശയിലാണ് അയോധ്യ നിവാസികൾ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലെ കുത്തഴിഞ്ഞ സ്ഥിതിയിലും നഗരസഭ മുതൽ കേന്ദ്രസർക്കാർ വരെ നീളുന്ന അധികാരികളുടെ പിഴവുകളിലും ഇവർ അമർഷം പങ്കുവയ്ക്കുന്നു. ഭക്തരുടെ വരവു കുറഞ്ഞതോടെ ക്ഷേത്ര പാതകളിലൂടെ ബാറ്ററി റിക്ഷ ഓടിച്ചിരുന്നവരുടെ വരുമാനം കുത്തനെ കുറഞ്ഞു. ആഴ്ചകൾക്കു മുൻപുവരെ ക്ഷേത്രപരിസരത്ത് വൻ തിരക്കുണ്ടായിരുന്നുവെന്ന് ഇ–കാർട്ട് ഡ്രൈവേഴ്സ് പറഞ്ഞു.

സുരക്ഷയുടെ പേരിൽ ക്ഷേത്ര പരിസരത്തെ വഴികളെല്ലാം പൊലീസ് ബാരിക്കേഡ് തീർത്ത് അടച്ചിട്ടതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. ഈ വഴിയോരങ്ങളിലെല്ലാം കച്ചവടം ചെയ്തിരുന്നവരുടെ അന്നംമുട്ടി. അതിരാവിലെ മുതൽ നഗരം ശുചീകരിക്കാനിറങ്ങുന്ന തൊഴിലാളികളും നിരാശ മറച്ചുവയ്ക്കുന്നില്ല.

സംഭാവനക്കൊള്ളയിൽ നീറുന്ന അയോധ്യയ്ക്ക് ചുട്ടുപൊള്ളുന്ന പകലായിരുന്നു ഇന്നലത്തേത്. വിവാദത്തിനു ശേഷം ആദ്യമായി ചേർന്ന ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ യോഗത്തിന് കനത്ത സുരക്ഷയൊരുക്കിയിരുന്നു. കൊടുംചൂടിൽ ബാരിക്കേഡിനരികെ പൊലീസും രാജ്യമെമ്പാടും നിന്നെത്തിയ മാധ്യമപ്രവർത്തകരും വിയർത്തൊഴുകി. മൂന്നേകാലോടെ തുടങ്ങിയ യോഗം 3 മണിക്കൂറിലേറെ നീണ്ട് ആറരയോടെയാണ് അവസാനിച്ചത്. സംഭാവനക്കൊള്ളയിൽ വേദന പങ്കുവയ്ക്കലും തിരുത്തൽ നടപടികളെടുക്കുമെന്ന പ്രഖ്യാപനവും ആയിരുന്നു വാർത്താ സമ്മേളനത്തിന്റെ ചുരുക്കം.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments