ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം തട്ടിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയുടെ ആഡംബര വീടിന് നേരെ ബുൾഡോസർ നടപടിയുമായി അധികൃതർ. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് സംശയിക്കുന്ന സ്വത്തുക്കൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതോടെയാണ് നടപടി.
കേസിൽ അറസ്റ്റിലായ ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയുടെ പേരിലുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് അയോധ്യ വികസന അതോറിറ്റി (എഡിഎ) നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ കെട്ടിടം പൊളിച്ചുനീക്കുമെന്നാണ് മുന്നറിയിപ്പ്.കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹി അനിൽ മിശ്രയുമായി ലവ്കുശിന് അടുത്ത ബന്ധമുണ്ടായിരുന്നു.
പ്രതിക്ക് പ്രതിമാസം വെറും 20,000 രൂപ മാത്രമാണ് ശമ്പളമെന്നിരിക്കെയാണ് ശാദത്ഗഞ്ച് പ്രദേശത്ത് 1.5 കോടി രൂപയോളം ചെലവിട്ട് മൂന്ന് നിലകളുള്ള ആഡംബര സൗധം പണിയുന്നത്. ലിഫ്റ്റ് സൗകര്യമടക്കമുള്ള ഈ വീടിന്റെ നിർമ്മാണത്തിനായി മാത്രം ഇതിനകം 90 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ലവ്കുശും ബന്ധുവായ അനുകൽ മിശ്രയുമാണ് തട്ടിപ്പിന് പിന്നിലെ പ്രധാന സൂത്രധാരന്മാർ. ഇവർ അയോധ്യയിലും പരിസരങ്ങളിലുമായി അരഡസനോളം വസ്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
കേസിലെ പ്രതികളിൽ നിന്ന് വലിയ തുകയാണ് പൊലീസ് കണ്ടുകെട്ടിയത്. അവിനാഷ് ശുക്ലയിൽ നിന്ന് 20.39 ലക്ഷം രൂപയും, കരുണേഷ് പാണ്ഡെയിൽ നിന്ന് 18.07 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രധാന സൂത്രധാരന്മാരായ അനുകൽ മിശ്രയിൽ നിന്ന് 16.82 ലക്ഷം രൂപയും, ലവ്കുശ് മിശ്രയിൽ നിന്ന് 14.25 ലക്ഷം രൂപയും കണ്ടെത്തുകയുണ്ടായി. കൂടാതെ മറ്റ് പ്രതികളായ രമാശങ്കറിൽ നിന്ന് 7.32 ലക്ഷം രൂപയും, മനീഷ് യാദവിൽ നിന്ന് 2 ലക്ഷം രൂപയും, തിന്നു യാദവിൽ നിന്ന് 1 ലക്ഷം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ 1,121 യുഎസ് ഡോളറും, ഭക്തർ ക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണ്ണ-വെള്ളി ആഭരണങ്ങളും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
ക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി ആഡംബര ജീവിതം നയിച്ച പ്രതികൾക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികളിലേക്ക് നീങ്ങുകയാണ് പൊലീസ്.

