ഇസ്ലാമാബാദ്: മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയൈബ് അക്തറിൻ്റെ സഹോദരൻ്റെ സംസ്‌കാര ചടങ്ങിൽ ഇന്ത്യ തിരയുന്ന പ്രമുഖ ലഷ്കർ-ഇ-ത്വയ്യിബ ഭീകരർ പങ്കെടുത്തത് വലിയ വിവാദമാകുന്നു. 2025-ലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനും ലഷ്കർ ഡെപ്യൂട്ടി ചീഫുമായ സൈഫുള്ള കസൂരി ഉൾപ്പെടെയുള്ളവരാണ് ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ പരസ്യമായി പങ്കെടുത്തത്. ഷൊയൈബ് അക്തറിൻ്റെ മൂത്ത സഹോദരൻ ഷാഹിദ് അക്തറിൻ്റെ സംസ്‌കാര ചടങ്ങിനിടെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.ഇസ്ലാമാബാദിലെ എച്ച്-8 ഖബറിസ്ഥാനിൽ നടന്ന ചടങ്ങിൽ സൈഫുള്ള കസൂരിക്ക് പുറമെ, ലഷ്കറിൻ്റെ രാഷ്ട്രീയ മുഖമായ പാകിസ്താൻ മർക്കസി മുസ്ലിം ലീഗ് (പിഎംഎംഎൽ) പ്രസിഡൻ്റ് ഇനാം ഉർ റഹ്മാനും പങ്കെടുത്തിരുന്നു. 26/11 മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ചോരപ്പുഴ ഒഴുക്കിയ ഭീകരസംഘടനയുടെ നേതാക്കൾ പാക് തലസ്ഥാനത്ത് യാതൊരു ഭയവുമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ ദൃശ്യങ്ങൾ.2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 25 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ക്രൂരമായ ഭീകരാക്രമണത്തിൻ്റെ ആസൂത്രകനാണ് ഇപ്പോൾ പരസ്യമായി പ്രത്യക്ഷപ്പെട്ട സൈഫുള്ള കസൂരി. ഈ ആക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കുകയും ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ശക്തമായ സൈനിക തിരിച്ചടി നൽകുകയും ചെയ്തിരുന്നു. പാകിസ്താനിലെ മുരിദ്കെയിലുള്ള ലഷ്കർ ആസ്ഥാനവും റാവൽപിണ്ടി മുതൽ സുക്കൂർ വരെയുള്ള നിരവധി ഭീകര ക്യാമ്പുകളും ഇന്ത്യൻ സൈന്യം അന്ന് തകർത്തു.ആഗോള ഭീകരൻ ഹാഫിസ് സയീദ്, ജമാഅത്തുദ്ദവ പോലുള്ള സംഘടനകൾക്ക് മേലുള്ള രാജ്യാന്തര നിരോധനം മറികടക്കാൻ രൂപീകരിച്ചതാണ് പിഎംഎംഎൽ എന്ന രാഷ്ട്രീയ പാർട്ടി. ഈ സംഘടന 2024-ലെ പാക് പൊതുതിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. പാക് ഭരണകൂടത്തിൻ്റെ തണലിൽ ഭീകരർ ഇപ്പോഴും സുരക്ഷിതരാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

