വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ചാനലായ ഹോർമൂസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാന് ശക്തമായ സൈനിക മുന്നറിയിപ്പുമായി അമേരിക്ക. ഭാവിയിലുണ്ടാകുന്ന ഏതൊരു അക്രമത്തിനും കടുത്ത ഭാഷയിൽ തിരിച്ചടി നൽകുമെന്ന് യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് വാൻസിൻ്റെ പ്രതികരണം.
“ഇറാൻ ഒപ്പുവെച്ച വെടിനിർത്തൽ കരാർ അമേരിക്ക കൃത്യമായി പാലിച്ചിട്ടുണ്ട്. ധാരണാപത്രത്തിലെ വ്യവസ്ഥകളെക്കുറിച്ച് അവർക്ക് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് ചർച്ച ചെയ്യാമായിരുന്നു. എന്നാൽ അക്രമത്തിൻ്റെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതിന് അക്രമത്തിലൂടെ തന്നെ മറുപടി നൽകും,” യു.എസ് സൈനിക നടപടിയെ ന്യായീകരിച്ച് ജെ.ഡി വാൻസ് എക്സിൽ കുറിച്ചു.
ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോയ വാണിജ്യ ചരക്കുകപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിനാണ് അമേരിക്ക മണിക്കൂറുകൾക്കകം തിരിച്ചടി നൽകിയത്. ഇറാൻ്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളും ലക്ഷ്യമിട്ടായിരുന്നു യു.എസ് സെൻട്രൽ കമാൻഡിൻ്റെ ആക്രമണം. ഇറാൻ്റെ നടപടി നിലവിലുള്ള സമാധാന കരാറിൻ്റെ നഗ്നമായ ലംഘനമാണെന്നും, മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ യു.എസ് സൈന്യം സദാ സന്നദ്ധരാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ഒമാൻ ഉൾക്കടലിന് സമീപം വെച്ചാണ് ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇറാൻ്റെ ഭാഗത്തുനിന്നും നാല് ആത്മഹത്യാ ഡ്രോണുകൾ കപ്പലിന് നേരെ വിക്ഷേപിച്ചതായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇതിൽ ഒരു ഡ്രോൺ കപ്പലിൻ്റെ മുകൾത്തട്ടിൽ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും മറ്റ് മൂന്ന് ഡ്രോണുകൾ യു.എസ് സൈന്യം തകർത്തു. ആക്രമണത്തെ തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.
തൊട്ടുമുന്നിലത്തെ മണിക്കൂറുകളിൽ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ തങ്ങൾക്കാണ് പരമാധികാരമെന്ന് ഇറാൻ അവകാശപ്പെടുകയും, ഒമാൻ തീരത്തിന് സമീപമുള്ള തെക്കൻ കപ്പൽ പാത ഒഴിവാക്കാൻ മറ്റ് കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തങ്ങളുടെ മേഖലയിലെ പരമാധികാരം അംഗീകരിക്കണമെന്നും വാഷിംഗ്ടണിനൊപ്പം നിൽക്കരുതെന്നും ഗൾഫ് രാജ്യങ്ങൾക്കും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസങ്ങളായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഒരു പ്രാഥമിക ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇറാൻ്റെ ആണവ പദ്ധതികൾ തടയുന്നതിനും പകരം യു.എസ് ഉപരോധങ്ങളിൽ ഘട്ടം ഘട്ടമായി ഇളവ് നൽകുന്നതിനുമുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഘർഷം.
ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടിയുടെ ഭാവി, ഉപരോധങ്ങൾ നീക്കുന്നതിനുള്ള സമയപരിധി, കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പുതിയ സൈനിക നീക്കങ്ങൾ മിഡിൽ ഈസ്റ്റിൽ വീണ്ടുമൊരു യുദ്ധഭീതിക്ക് കാരണമായിരിക്കുകയാണ്.

