Friday, June 26, 2026
HomeNewsവാഹനത്തിൽ പടക്കങ്ങൾ നിറച്ച് ക്രെയിനിൽ ഉയർത്തി മുഹറം ആഘോഷം: നാല് പേർക്കെതിരെ പൊലീസ് കേസ്

വാഹനത്തിൽ പടക്കങ്ങൾ നിറച്ച് ക്രെയിനിൽ ഉയർത്തി മുഹറം ആഘോഷം: നാല് പേർക്കെതിരെ പൊലീസ് കേസ്

ഉജ്ജയിൻ: 40 അടി ഉയരത്തില്‍ ക്രെയിനില്‍ കെട്ടിയിട്ട് വാൻ. മുഹറം ഘോഷയാത്രയ്ക്കിടെ പടക്കങ്ങള്‍ കുത്തിനിറച്ച്‌ പൊട്ടിത്തെറിപ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലെ ബദ്നഗറിലാണ് സംഭവമുണ്ടായത്. ആള്‍ക്കൂട്ടം ചുറ്റും കൂടി നില്‍ക്കുമ്പോഴാണ് 40 അടി ഉയരത്തില്‍ വച്ച്‌ വാൻ സ്ഫോടനം നടത്തിയത്. ജൂണ്‍ 24ാം തിയതിയാണ് സംഭവമുണ്ടായത്. സ്ഫോടനത്തില്‍ നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനും ആളുകളെ ആകർഷിക്കുന്നതിനും വേണ്ടി പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് ഈ അപകടകരമായ സ്റ്റണ്ട് നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് സംഭവം ശ്രദ്ധിക്കുന്നത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും സംഘാടകർ ഉള്‍പ്പെടെ നാലുപേർക്കെതിരെ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ഘോഷയാത്ര ബദ്‌നഗറിലെ അദാൻ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ഈ സംഭവം. ലേ ഫിർ ആ ഗയേ എന്ന് എഴുതിയ ഒരു കാറാണ് സ്റ്റണ്ടിനായി ഉപയോഗിച്ചത്. രണ്ട് യുവാക്കള്‍ ചുവന്ന കൊടികള്‍ വീശിയതിന് തൊട്ടുപിന്നാലെയാണ് വലിയ സ്ഫോടനവും പുകപടലങ്ങളും ഉയർന്നത്. വൻ ജനക്കൂട്ടത്തിന് മുകളിലായി ക്രെയിൻ ഉപയോഗിച്ച്‌ ഉയർത്തിയ കാറിനുള്ളില്‍ റോക്കറ്റ് മാതൃകയിലുള്ള പടക്കങ്ങള്‍ തുടർച്ചയായി പൊട്ടിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പടക്കങ്ങള്‍ പൊട്ടിയതിനെ തുടർന്നുണ്ടായ ഗ്യാസ് മർദ്ദം കാരണം കാറിന്റെ ഗ്ലാസുകള്‍ തകരുകയും ഒരു വലിയ ബോംബ് സ്ഫോടനം നടന്നതുപോലെയുള്ള പ്രതീതി സൃഷ്ടിക്കുകയുമായിരുന്നു. കാറിനുള്ളില്‍ പടക്കങ്ങള്‍ അല്ലാതെ മറ്റ് സ്ഫോടകവസ്തുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ ഘോഷയാത്രയില്‍ കൊടി വീശിയ ഷുഹൈബ് ഖാൻ, താലീം ഖാൻ, സാഹിദ് ഖാൻ എന്നീ സംഘാടകർക്കെതിരെയും ക്രെയിൻ ഉടമയായ ഗോപാല്‍ മാലിക്കിനെതിരെയും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇത്തരം അപകടകരമായ പ്രകടനങ്ങള്‍ക്കോ സ്ഫോടനങ്ങള്‍ക്കോ അനുമതി നല്‍കിയിരുന്നില്ലെന്നും കേവലം ഘോഷയാത്രയ്ക്ക് മാത്രമാണ് അനുവാദം ഉണ്ടായിരുന്നതെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ റീല്‍സിനും ലൈക്കുകള്‍ക്കും വേണ്ടി യുവാക്കള്‍ ഇത്തരം കടുത്ത നിയമലംഘനങ്ങളും ജീവന് ഭീഷണിയാകുന്ന സ്റ്റണ്ടുകളും ചെയ്യുന്നത് വർദ്ധിച്ചുവരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. സ്ഫോടനത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നത് മാത്രമാണ് സംഭവത്തില്‍ ആശ്വാസമുള്ള കാര്യം.വലിയൊരു ദുരന്തത്തിന് കാരണമായേക്കാവുന്ന ഈ പ്രകടനത്തിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments