Thursday, June 25, 2026
HomeNewsസത്യപ്രതിജ്ഞ വിവാദം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം -ബിജെപി പ്രവർത്തകരുടെ കയ്യാങ്കളി

സത്യപ്രതിജ്ഞ വിവാദം: തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം -ബിജെപി പ്രവർത്തകരുടെ കയ്യാങ്കളി

തിരുവനന്തപുരം : കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ നഗരസഭയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ബിജെപി കൗൺസിലർമാർ അടിയന്തരമായി നടത്തിയ പുനഃസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് മേയർ വി. വി. രാജേഷിൻ്റെയും ഡെപ്യൂട്ടി മേയർ ആശാ നാഥിൻ്റെയും രാജി ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം ശക്തമാക്കി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം വിവിധ ദൈവങ്ങളുടെയും രാഷ്ട്രീയ ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. നിയമപ്രകാരം ‘ദൈവനാമത്തിലോ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞയോ’ മാത്രമേ ചെയ്യാവൂ എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, കൗൺസിലർമാർക്ക് നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകി.കോടതി ഉത്തരവ് വന്നതിന് പിന്നാലെ, ഇന്നലെ ഉച്ചയ്ക്ക് ശേഷം ഡെപ്യൂട്ടി മേയർ ആശാ നാഥ് ഉൾപ്പെടെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. (കാപ്പ കേസിൽ ജയിലിലുള്ള കൗൺസിലർ ആർ. സുഗതന് പങ്കെടുക്കാനായില്ല). എന്നാൽ, ഈ ചടങ്ങ് മറ്റ് കൗൺസിലർമാരെയോ പ്രതിപക്ഷത്തെയോ ഔദ്യോഗികമായി അറിയിക്കാതെ രഹസ്യ സ്വഭാവത്തോടെയാണ് നടത്തിയതെന്ന് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നു.

ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാൽ, ആ കൗൺസിലർമാർ പങ്കെടുത്തു നടത്തിയ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾക്കും നിയമസാധുതയില്ലെന്നാണ് എൽഡിഎഫിന്റെ പ്രധാന വാദം. അതിനാൽ നിലവിലെ മേയറും ഡെപ്യൂട്ടി മേയറും അടിയന്തരമായി രാജിവെക്കണമെന്നും കോർപറേഷനിൽ വീണ്ടും ഭരണാധികാരികളുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും എൽഡിഎഫ് ആവശ്യപ്പെടുന്നു.

ചട്ടലംഘനം ചൂണ്ടിക്കാട്ടി എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.പ്രതിഷേധത്തിൻ്റെ ഭാഗമായി എൽഡിഎഫ് കൗൺസിലർമാർ മേയറുടെ ഓഫീസ് ഉപരോധിക്കുകയും വി. വി. രാജേഷിനെ ഓഫീസിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു. ഇതേത്തുടർന്ന് ബിജെപി-എൽഡിഎഫ് കൗൺസിലർമാർ തമ്മിൽ കോർപറേഷൻ മന്ദിരത്തിൽ കടുത്ത ഉന്തും തള്ളും സംഘർഷവുമുണ്ടായി. വരും ദിവസങ്ങളിൽ പ്രതിഷേധം നഗരസഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. വിഷയം വീണ്ടും നിയമപോരാട്ടത്തിലേക്ക് നീങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments