Saturday, June 20, 2026
HomeNewsപക്ഷിപ്പനി ഒടുവിൽ ദേശാടന പക്ഷി വഴി ഓസ്‌ട്രേലിയൻ ഭൂഖന്ധത്തിലും

പക്ഷിപ്പനി ഒടുവിൽ ദേശാടന പക്ഷി വഴി ഓസ്‌ട്രേലിയൻ ഭൂഖന്ധത്തിലും

പെർത്ത് : ലോകത്തെ ആശങ്കയിലാഴ്ത്തി എച്ച്5എൻ1 പക്ഷിപ്പനി ഒടുവിൽ ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചു. ഇതോടെ അതിവേഗം പടരുന്ന ഈ മാരക വൈറസ് ഭൂഗോളത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞതായി രാജ്യത്തിൻ്റെ കൃഷി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുവരെ പക്ഷിപ്പനി ബാധിക്കാത്ത ഏക ഭൂഖണ്ഡമായിരുന്നു ഓസ്‌ട്രേലിയ.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും 700 കിലോമീറ്റർ അകലെയുള്ള എസ്പെറൻസ് നഗരത്തിനടുത്തുള്ള കേപ് ലെ ഗ്രാൻഡ് നാഷണൽ പാർക്ക് ബീച്ചിൽ കണ്ടെത്തിയ ‘ബ്രൗൺ സ്കുവ’ എന്ന ദേശാടന പക്ഷിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കൃഷിമന്ത്രി ജൂലി കോളിൻസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. “നമുക്ക് എന്നേക്കും പക്ഷിപ്പനി മുക്തരായി തുടരാൻ കഴിയില്ലെന്ന് അറിയാമായിരുന്നു,” എന്ന് വ്യക്തമാക്കിയ മന്ത്രി, എസ്പെറൻസ് ബീച്ചിൽ നിന്ന് തന്നെ അവശനിലയിൽ കണ്ടെത്തിയ ‘സതേൺ പെട്രൽ’ എന്ന മറ്റൊരു പക്ഷിയിലും രോഗബാധ സംശയിക്കുന്നതായി കൂട്ടിച്ചേർത്തു. എന്നാൽ നിലവിൽ കൂട്ടത്തോടെ പക്ഷികൾ ചത്തൊടുങ്ങുന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഓസ്‌ട്രേലിയയിലെ മറ്റ് മൃഗങ്ങളിലേക്ക് വൈറസ് പടർന്നിട്ടുണ്ടോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കമ്മീഷണർ ഫിയോണ ഫ്രേസർ അറിയിച്ചു. ഇത്തരം ഒരു സാഹചര്യം നേരിടാൻ രാജ്യം ദീർഘനാളായി ഒരുക്കങ്ങൾ നടത്തിവരികയായിരുന്നുവെന്നും, അടിയന്തര മൃഗരോഗ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും ചീഫ് വെറ്റിനറി ഓഫീസർ ബെത്ത് കുക്ക്സൺ വ്യക്തമാക്കി.

നേരത്തെ കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഓസ്‌ട്രേലിയൻ അധീനതയിലുള്ള ഹിയേർഡ്, മക്ഡൊണാൾഡ് ദ്വീപുകളിൽ എച്ച്5എൻ1 സ്ഥിരീകരിച്ചിരുന്നു. ഈ ആഴ്ച പുറത്തുവന്ന പഠനങ്ങൾ പ്രകാരം ഹിയേർഡ് ദ്വീപിലെ 17,000 കുഞ്ഞു സീലുകളിൽ 13,000-ത്തിലധികം (75 ശതമാനത്തിലേറെ) എണ്ണം പക്ഷിപ്പനി മൂലം ചത്തൊടുങ്ങി. മേഖലയിലെ പെൻഗ്വിനുകളുടെ മരണനിരക്കിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രഞ്ച് അധീനതയിലുള്ള ക്രോസെറ്റ് ദ്വീപുകളിൽ നിന്നും പറന്നെത്തിയ ദേശാടന പക്ഷികളാണ് ഇവിടെ രോഗമെത്തിച്ചതെന്നാണ് നിഗമനം.

1990-കളുടെ അവസാനത്തിൽ ചൈനയിൽ കണ്ടെത്തിയ എച്ച്5എൻ1 വൈറസ് കാട്ടുപക്ഷികൾ, വളർത്തുപക്ഷികൾ എന്നിവയ്ക്ക് പുറമെ കുറുക്കൻ, സീൽ, നീർനായ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാറുണ്ട്. പക്ഷികളുടെ ദേശാടനം വഴിയാണ് ഇത് പ്രധാനമായും പടരുന്നത്. രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്ന മനുഷ്യരിലേക്ക് അപൂർവ്വമായി ഈ രോഗം പകരാൻ സാധ്യതയുണ്ടെങ്കിലും, നിലവിൽ മനുഷ്യരിലെ രോഗബാധ വളരെ കുറവാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments