Saturday, June 20, 2026
HomeNewsലെബനൻ ചുട്ടെരിക്കണം: ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

ലെബനൻ ചുട്ടെരിക്കണം: ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്റാൻ : ലെബനൻ പൂർണ്ണമായും ചുട്ടെരിക്കണമെന്ന ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ ഭരണകൂടം ആഗ്രഹിക്കുന്നത് മേഖലയിൽ സ്ഥിരമായി യുദ്ധം വേണമെന്നാണെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. ലെബനനിൽ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതാമർ ബെൻ ഗ്വീർ വിവാദമായ പരാമർശം നടത്തിയത്.

അരാഗ്ചി സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ബെൻ ഗ്വീറിനെ രൂക്ഷമായി വിമർശിച്ചത്. ഇത് ഏതെങ്കിലും ഒരു ഭ്രാന്തന്റെ വെറുമൊരു ജൽപനമല്ലെന്നും മറിച്ച് ഇസ്രയേൽ ഭരണകൂടത്തിന്റെ ഔദ്യോഗിക ദേശീയ സുരക്ഷാ മന്ത്രി പരസ്യമായി പങ്കുവെച്ച നിലപാടാണെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി. വംശഹത്യാ ആഹ്വാനങ്ങൾ മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയാണെന്ന് അരാഗ്ചി ശക്തമായ ഭാഷയിൽ വിമർശിച്ചു.

ഇസ്രയേലും ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം അവസാനിച്ചില്ലെങ്കിൽ അത് അമേരിക്ക – ഇറാൻ സമാധാന ചർച്ചകളെപ്പോലും ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണ്. അതിനിടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രയേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണയായതായി റിപ്പോർട്ട് പുറത്തുവന്നത് ആശ്വാസകരമാണ്. അമേരിക്കയും ഖത്തറും ഇടപെട്ടാണ് വെടിനിർത്തൽ കൊണ്ടുവന്നത് എന്നാണ് റിപ്പോർട്ട്.

സ്വിറ്റ്സർലൻഡിൽ വെച്ച് അമേരിക്കയുമായി നിശ്ചയിച്ചിരിക്കുന്ന നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻപായി ലെബനനിലെ സൈനിക നീക്കങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വെടിനിർത്തൽ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments