Friday, June 19, 2026
HomeNewsകരാറിനായി ട്രംപ് സമ്മര്‍ദ തന്ത്രങ്ങള്‍ നടത്തി, സ്വാധീനങ്ങൾ പലതും ഉപയോഗിച്ചു: മുജ്തബ ഖാംനഈ

കരാറിനായി ട്രംപ് സമ്മര്‍ദ തന്ത്രങ്ങള്‍ നടത്തി, സ്വാധീനങ്ങൾ പലതും ഉപയോഗിച്ചു: മുജ്തബ ഖാംനഈ

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള വെടിനിർത്തല്‍ ചർച്ചകളില്‍ ഇറാൻ നേതൃത്വം പരമാവധി ശ്രമിച്ചെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈ. ഇറാൻ പരമാവധി ശ്രമിച്ചെങ്കിലും അമേരിക്കയുടെയും പ്രസിഡന്‍റ് ട്രംപിന്‍റെയും ഇടപെടലുകളാണ് അതിവേഗത്തിലുള്ള കരാർ സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിരാശനായ ട്രംപ് തന്‍റെ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചു കൊണ്ട് കരാറിനായി ചരടുവലികള്‍ നടത്തുകയായിരുന്നെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇറാൻ-യുഎസ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ ആദ്യമായാണ് മുജ്തബ ഖാംനഈ പ്രതികരണം നടത്തുന്നത്.

‘വിശ്വസ്തരും ആവേശഭരിതരുമായ ഇറാനിയൻ ജനതയെ മുമ്പ് അറിയിച്ചിരുന്നത് പോലെ, നാം ഒരു കരാറിലേക്കെത്തിയിരിക്കുകയാണ്. നാം എടുത്ത പരിശ്രമങ്ങളുടേതിന് സമാനമായി അമേരിക്കൻ പ്രസിഡന്‍റും പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കരാറിന്‍റെ വിവിധ ഘട്ടങ്ങളില്‍ നിരാശനായ ട്രംപ് തന്‍റെ സ്വാധീനങ്ങളെല്ലാം കരാറിനായി ഉപയോഗപ്പെടുത്തുകയായിരുന്നു’. അദ്ദേഹം ടെലിവിഷൻ സന്ദേശത്തില്‍ അറിയിച്ചു.

ഇറാൻ പ്രസിഡന്‍റ് മസ്‌ഊദ് പെസെഷ്കിയാനും യുഎസ് പ്രസിഡന്‍റ് ഡോണള്‍ട് ട്രംപും ബുധനാഴ്ചയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലെ ശത്രുത അവസാനിപ്പിക്കുക, 30 ദിവസത്തിനകം യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം സുഗമമാക്കുക, യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നിങ്ങനെയുള്ള നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടാണ് ധാരണാപത്രം തയാറാക്കിയിരുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പൊതുമധ്യത്തില്‍ ഖാംനഈ ഇതുവരെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. യുദ്ധവുമായും വെടിനിർത്തല്‍ കരാറുമായും ബന്ധപ്പെട്ട് തനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളതെന്നും ഇറാനിയൻ ജനതയുടെയും ഉദ്യോഗസ്ഥരുടെയും ശുഭാപ്തിവിശ്വാസത്തോടെയുള്ള ചർച്ചകള്‍ക്കും ഇടപെടലുകള്‍ക്കും പിന്നാലെ കരാറിന് സമ്മതം നല്‍കുകയായിരുന്നെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.’

താത്വികമായി എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. രാജ്യത്തിന്‍റെയും പ്രതിരോധ സേനയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ഇറാൻ പ്രസിഡന്‍റിന്‍റെ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് കരാറിന് അനുമതി നല്‍കിയത്’. അദ്ദേഹം പ്രസ്താവിച്ചു. നിലവിലെ കരാറിന് പുറമെ യുഎസ് മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും പരമോന്നത നേതാവ് വ്യക്തമാക്കി.ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ മുജ്തബയുടെ പിതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തില്‍ മുജ്തബ ഖാംനഈക്കും ഗുരുതരമായി പരിക്കേറ്റിരുന്നതായാണ് റിപ്പോർട്ടുകള്‍. പിന്നാലെ, ഇറാന്‍റെ പ്രതിരോധ നീക്കങ്ങളിലും സമാധാന ചർച്ചകളിലുമടക്കം പൊതുമധ്യത്തില്‍ ഖാംനഈ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയ 14ഇന നിർദേശങ്ങള്‍ ഇറാൻ അംഗീകരിച്ച്‌ നടപ്പാക്കിയില്ലെങ്കില്‍ തെഹ്റാനില്‍ വീണ്ടും ബോംബിടുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഹോർമുസില്‍ കപ്പല്‍ ഗതാഗതം സുഗമമായി മുന്നോട്ടുപോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ആദ്യത്തെ രണ്ട് മാസം കപ്പലുകള്‍ക്ക് യാതൊരുവിധ ഫീസും ഈടാക്കില്ലെന്ന വ്യവസ്ഥ തങ്ങള്‍ പാലിക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തിന് ശേഷം ഒമാനുമായി ചേർന്ന് നിശ്ചിത ഫീസ് ഈടാക്കും.

അതേസമയം, ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇറാൻ-യുഎസ് ചർച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കമാകും. സമാധാന ചർച്ചയുടെ പ്രാരംഭഘട്ടത്തിനായി യുഎസ്, ഇറാൻ പ്രതിനിധികള്‍ക്ക് പുറമെ മധ്യസ്ഥരായ ഖത്തർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments